ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ: ‘വിജയകരമായി പ്രതിരോധിച്ചു, പരിമിത നാശനഷ്ടം’

തെഹ്റാൻ: ഇറാന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി ഇറാൻ. എങ്കിലും ചില സ്ഥലങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായും ഇറാൻ എയർ ഡിഫൻസ് അറിയിച്ചു. തെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സ്ഥിരീകരിച്ചു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമമെന്നും എന്നാൽ, ചെറുത്തുതോൽപിച്ചു​വെന്നും അറിയിപ്പിൽ പറഞ്ഞു.

അതേസമയം, ഇറാൻ തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടി ഇന്ന് നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേൽ ഹാഗാരി വ്യക്തമാക്കി. ആക്രമണം അവസാനിപ്പിച്ച് ഇസ്രായേൽ പോർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്റലിജൻസിന്റെ സഹായത്തോടെ ഇറാൻ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശവാദം. ഇറാന്റെ മിസൈൽ സിസ്റ്റം ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂർത്തീകരിക്കാൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണം നടക്കുമ്പോൾ ഇറാന്റെ മിസൈൽ പ്രതിരോധസംവിധാനം പ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. അൽ ജസീറ ഇതിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

പ്രാദേശിക സമയം ഇന്ന് പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Iran says Israeli attacks thwarted, caused ‘limited damage’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.