യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്ക് പിന്തുണയുമായി ഇറാൻ

തെഹ്റാൻ: യുക്രെയ്ൻ അധിനിവേശത്തിൽ ലോകം റഷ്യയെ പഴിക്കുമ്പോൾ, പിന്തുണയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി. യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചില്ലായിരുന്നെങ്കിൽ റഷ്യക്ക് പിന്നീട് നാറ്റോയുടെ ആക്രമണം നേരിടേണ്ടി വരുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും ശക്തവുമായ റഷ്യയെ പാശ്ചാത്യലോകം എതിർക്കുകയാണെന്ന് പറഞ്ഞ ഖുമൈനി, റഷ്യൻ നടപടി ഉണ്ടായിരുന്നില്ലെങ്കിൽ ക്രിമിയൻ ഉപദ്വീപിലേക്ക് തിരിച്ചെത്താൻ നാറ്റോ യുദ്ധം ചെയ്യുമായിരുന്നെന്നും ആശങ്ക പ്രകടിപ്പിച്ചു.

സിറിയൻ വിഷയവും കരിങ്കടലിലൂടെയുള്ള യുക്രെയ്ൻ ധാന്യ കയറ്റുമതി പുനരാരംഭിക്കുന്നതും ചർച്ച ചെയ്യാൻ ഇറാൻ, തുർക്കി നേതാക്കളുമായി കൂടിക്കാഴ്ചക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തെഹ്റാനിലെത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിന്റെ രണ്ടാമത്തെ മാത്രം വിദേശ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചു. പാശ്ചാത്യ ഉപരോധത്തിൽ നട്ടംതിരിയുന്ന റഷ്യയും ഇറാനും തമ്മിൽ സഹകരണം വർധിക്കുകയാണ്.

ഖുമൈനിക്ക് പുറമേ ഇറാൻ പ്രഡിഡന്റ് ഇബ്രാഹിം റൈസിയുമായും തുർക്കി പ്രഡിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും പുടിൻ കൂടിക്കാഴ്ച നടത്തി.

റഷ്യൻ അധിനിവേശ പ്രദേശത്തെ സുപ്രധാന പാലം തകർത്ത് യുക്രെയ്ൻ

കിയവ്: റഷ്യ പിടിച്ചടക്കിയ തെക്കൻ യുക്രെയ്ൻ പ്രദേശത്ത് അവരുടെ മുന്നേറ്റത്തിന് സഹായകമായ തന്ത്രപ്രധാന പാലം യുക്രെയ്ൻ സേന തകർത്തു. നിപ്രോ നദിക്ക് കുറുകെയുള്ള പാലം യുക്രെയ്ൻ മിസൈൽ ഉപയോഗിച്ച് തകർത്തതായി ഖേർസൺ പ്രദേശത്തെ റഷ്യൻ പിന്തുണയുള്ള താത്കാലിക സർക്കാറിന്റെ ഉപമേധാവി കിറിൽ സ്ട്രെമൗസോവ് സ്ഥിരീകരിച്ചു.

എന്നാൽ, ഗുരുതരമായ കേടുപാടുകൾ പറ്റിയെങ്കിലും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1.4 കിലോമീറ്റർ നീളമുള്ള പാലം നിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങളിലൊന്നാണ്. അത് ഉപയോഗയോഗ്യമല്ലാതാക്കിയാൽ റഷ്യൻ സൈന്യത്തിന് മുന്നേറ്റം ബുദ്ധിമുട്ടേറിയതാകും. റഷ്യ 2014ൽ കൈവശപ്പെടുത്തിയ ക്രിമിയയുടെ തൊട്ടുവടക്കായി സ്ഥിതിചെയ്യുന്ന ഖേർസൺ മേഖല അധിനിവേശത്തിന്റെ തുടക്കത്തിൽതന്നെ അവർ കീഴടക്കിയിരുന്നു.

Tags:    
News Summary - Iran supported Russia in its invasion of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.