തെഹ്റാൻ: പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. മുഹമ്മദ് മുഖ്ബാർ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്‍റെ ഭരണകാര്യങ്ങൾ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാർത്ത അറിഞ്ഞപ്പോൾ തന്നെ ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞിരുന്നു.
പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്റെയും (60) മരണ വാർത്ത ഇറാൻ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡൻ്റ് മുഹ്‌സെൻ മൻസൂരിയാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നു.
ഇറാൻ - അസർബൈജാൻ സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ടതായിരുന്നു. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. തുർക്കിയ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും തിരച്ചിലിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.