ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ ലെബനാനിലെ പേജർ സ്‌ഫോടനത്തിൽ പരിക്കേറ്റയാളെ തെഹ്‌റാനിലെ ആശുപത്രിയിൽ സന്ദർശിക്കുന്നു



പേജർ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഗാർഡുകൾക്ക് ആശയവിനിമയ ഉപകരണങ്ങൾ നിരോധിച്ച് ഇറാ​ൻ

തെഹ്റാൻ: ലെബനാനിൽ ഹിസ്ബുല്ല ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും മാരകമായ ആക്രമണങ്ങളിൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ(ഐ.ആർ.ജി.സി) മുഴുവൻ അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ ഉത്തരവിട്ടു. ഇക്കാര്യം മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്. ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ല എല്ലാ ഉപകരണങ്ങളും പരിശോധിക്കാൻ വലിയ തോതിലുള്ള ശ്രമം നടക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ഈ ഉപകരണങ്ങളിൽ ഭൂരിഭാഗവും ആഭ്യന്തരമായി നിർമിച്ചതോ ചൈനയിൽനിന്നും റഷ്യയിൽനിന്നും ഇറക്കുമതി ചെയ്തതോ ആണ്.

ഇറാനികൾ ഉൾപ്പെടെയുള്ള ഇസ്രായേലി ഏജന്‍റുമാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇറാൻ നേരത്തെത്തന്നെ ആശങ്കാകുലരായിരുന്നു. ഐ.ആർ.ജി.സിയിലെ ഇടത്തരവും ഉയർന്നതുമായ റാങ്കിലുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് സമഗ്രമായ അന്വേഷണം ഇതിനകം ആരംഭിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇതിൽ ഇറാനിലും വിദേശത്തുമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുടെയും അവരുടെ യാത്രകളുടെയും കുടുംബങ്ങളുടെയും സൂക്ഷ്മപരിശോധനയും ഉൾപ്പെടുന്നു.

സംയോജിത ആക്രമണത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ പേജർ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച നൂറുകണക്കിന് വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ലെബനാനും ഹിസ്ബുല്ലയും പറയുന്നു. ഇസ്രായേൽ പങ്കാളിത്തം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം, 190,000 ഉദ്യോഗസ്ഥർ അടങ്ങുന്ന ഐ.ആർ.ജി.സി സേന എങ്ങനെ ആശയവിനിമയം നടത്തും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. നിലവിൽ മെസേജിംഗ് സിസ്റ്റങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാ​ന്‍റെ ഭരണ സ്ഥാപനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടെന്നാണ് സൂചന. സാങ്കേതിക വിലയിരുത്തലുകൾക്കായി ഐ.ആർ.ജി.സി ഉദ്യോഗസ്ഥർ ഹിസ്ബുല്ലയെ സമീപിച്ചതായും പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ നിരവധി അവശിഷ്ടങ്ങൾ ഇറാനിയൻ വിദഗ്ധരുടെ പരിശോധനക്കായി ടെഹ്‌റാനിലേക്ക് അയച്ചതായും റിപ്പോർട്ട് പറയുന്നു.

ഇറാ​ന്‍റെ പ്രധാന ആശങ്ക രാജ്യത്തി​ന്‍റെ ആണവ- മിസൈൽ സൗകര്യങ്ങളുടെ പ്രത്യേകിച്ച് ഭൂഗർഭ കേന്ദ്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണെന്ന് മറ്റൊരു ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം മുതൽ, ആ സൈറ്റുകളിലെ സുരക്ഷാ നടപടികൾ ഗണ്യമായി വർധിച്ചതായും 2023 ൽ ഇറാ​ന്‍റെ മിസൈൽ പദ്ധതി അട്ടിമറിക്കാനുള്ള ഇസ്രായേലി​ന്‍റെ ശ്രമം ഇറാൻ അധികാരികൾ അറിഞ്ഞതിനുശേഷം നടപടികൾ ശക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇസ്രായേൽ ഇതിനെക്കുറിച്ച് ഒരിക്കലും പ്രതികരിച്ചിട്ടില്ല. ലെബനനിലെ പേജർ സ്‌ഫോടനങ്ങൾക്ക് ശേഷം മുൻ നിലകളേക്കാൾ സുരക്ഷ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തേത് പോലെ കർശനമായ സുരക്ഷയും നടപടികളും ഒരിക്കലും ഉണ്ടായിട്ടില്ല.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനിയുമായി അടുത്ത ബന്ധമുള്ള ഇറാനിലെ ശക്തമായ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ശക്തിയാണ് ഐ.ആർ.ജി.സി. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷം പൗരോഹിത്യ ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ ഇതിന് രാജ്യത്തി​ന്‍റെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്വന്തം കരസേനയും നാവികസേനയും വ്യോമസേനയും ഉണ്ട്.

ഇറാ​ന്‍റെ സൈന്യം സുരക്ഷിത ആശയവിനിമയത്തിനായി വാക്കി-ടോക്കികൾ ഉൾപ്പെടെയുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിർദ്ദിഷ്ട മോഡലുകളും ബ്രാൻഡുകളും വ്യത്യാസപ്പെടാമെങ്കിലും ഇറാനിയൻ സൈനിക ആശയവിനിമയ ഉപകരണങ്ങൾ പലപ്പോഴും ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഇറാ​ന്‍റെ സായുധ സേന പേജറുകൾ ഉപയോഗിക്കുന്നത് നിർത്തിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ടെഹ്‌റാൻ അതി​ന്‍റെ പ്രതിരോധ വ്യവസായത്തിലൂടെ സ്വന്തം സൈനിക-ഗ്രേഡ് റേഡിയോ പ്രക്ഷേപണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ആണവ പരിപാടിയുടെ പേരിൽ തെഹ്‌റാനിൽ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിനാലെന്നും ഉ​ദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

എന്നാൽ, മുൻകാലങ്ങളിൽ ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജപ്പാനിൽ നിന്നുപോലും ഇറാൻ ആശയവിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറാനും ഇസ്രായേലും പതിറ്റാണ്ടുകളായി നിഴൽ യുദ്ധത്തിലാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ തെഹ്‌റാനിലും ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറായ ഫുആദ് ഷുക്ക്റിനെ ബെയ്റൂത്തിൽ വെച്ച് ജൂലൈയിലും കൊലപ്പെടുത്തിയതിന് ഇറാനും ഹിസ്ബുല്ലയും ഇസ്രായേലിനെ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Iran's Guards ban communications devices after strike on Hezbollah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.