തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി അടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്നനിലയിലാണ് ലഭ്യമായ വിവരങ്ങൾ നൽകുന്ന സൂചനയെന്ന് വിമാന രംഗത്തെ വിദഗ്ധനായ കെയ്ൽ ബെയ്ലിയെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത്.
പറക്കലിനിടെ കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായാൽ, പൈലറ്റിന്റെ ആദ്യ ദൗത്യം കോപ്റ്റർ പറത്തുകയെന്നതാണ്. ആശയവിനിമം രണ്ടാമത്തെ പരിഗണനയാണ്. ഈ കേസിൽ ആശയവിനിമമൊന്നും ലഭ്യമല്ല. പൈലറ്റ് കോപ്റ്റർ ലാന്റ് ചെയ്യിക്കാനോ പറത്താനോ വേണ്ടി ശ്രദ്ധ മുഴുവൻ നൽകിയതാകാം കാരണം.
പങ്ക തകർന്നത് പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോ സാങ്കേതിക തകരാർ മൂലമോ ആകാം. അല്ലെങ്കിൽ പിൻഭാഗത്തെ പങ്ക പ്രവർത്തിക്കാതെ വന്നതും അപകടത്തിലേക്ക് നയിച്ചിരിക്കാം.
ചുഴിയിൽപെട്ട പോലെ കോപ്റ്റർ കറങ്ങിയിട്ടുണ്ടെങ്കിൽ പിൻ ഭാഗത്തെ പങ്കയുടെ പ്രവർത്തനം നിലച്ചിട്ടുണ്ടാകും. മോശം കാലാവസ്ഥ, പർവത പ്രദേശത്തിന്റെ സവിശേഷ സ്വഭാവം തുടങ്ങിയവയും അപകടത്തിന് കാരണമാകാം.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ വനമേഖലയിലെ മലമുകളിൽ തകർന്നുവീണതായി തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്ടമായ യു.എസ് നിർമിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം. രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഉപവിദേശകാര്യ മന്ത്രി അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രിയുടെ താൽക്കാലിക ചുമതല നൽകി. 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തബ്രീസ് നഗരത്തിലേക്ക് മാറ്റി. റഈസിയുടെ ഭൗതികദേഹം രാജ്യ തലസ്ഥാനത്തെത്തിച്ച് ജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയശേഷം ജന്മദേശമായ മശ്ഹദിലേക്ക് കൊണ്ടുപോകും. അവിടെയാകും ഖബറടക്കം.
റഈസിയുടെ കൂടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ
(എല്ലാവരും മരിച്ചു)
● ഹുസൈൻ അബ്ദുല്ലഹിയാൻ
(വിദേശകാര്യ മന്ത്രി)
● മാലിക് റഹ്മത്തി
(ഇറാന്റെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യ ഗവർണർ)
● ആയത്തുല്ല മുഹമ്മ് അലി അൽ ഹാഷിം
(പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധി)
● സർദാർ സയ്യിദ് മഹ്ദി മൂസവി
(പ്രസിഡന്റിന്റെ സുരക്ഷ സംഘം മേധാവി)
● കേണൽ സയ്യിദ് താഹിർ മുസ്തഫാവി
(ഹെലികോപ്ടർ പൈലറ്റ്)
● കേണൽ മുഹ്സിൻ ദർയാനുഷ്
(സഹ പൈലറ്റ്)
● മേജർ ബഹ്റുസ് ഗാദിമി
(വിമാന സാങ്കേതിക വിദഗ്ധൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.