തെഹ്റാൻ: ഇസ്രായേൽ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമി പറഞ്ഞു. ചെയ്ത തെറ്റിന്റെ ഫലം എന്താണെന്ന് അവർ അറിയാൻ പോകുന്നു. എപ്പോൾ, എവിടെ, എങ്ങനെയാണ് മറുപടി നൽകുന്നതെന്ന് കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ സുരക്ഷ കൗൺസിൽ സെക്രട്ടറി സെർജി ഷോയ്ഗു തെഹ്റാനിലെത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെസശ്കിയാനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മേയ് വരെ റഷ്യൻ പ്രതിരോധ മന്ത്രിയായിരുന്നു ഷോയ്ഗു.
മേഖലയിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെങ്കിലും ഭാവിയിൽ അസ്ഥിരതയുണ്ടാകുന്നത് തടയാൻ ഇസ്രായേലിനെ ശിക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി. ഇസ്മാഈൽ ഹനിയ്യയെ വധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ദേശീയ സുരക്ഷയും പരമാധികാരവും പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്. അത് പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ യു.എസിന്റെ നേതൃത്വത്തിൽ ജി7 രാജ്യങ്ങൾ ഓൺലൈനിൽ യോഗം ചേർന്നു. യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉൾപ്പെടുന്നത്. ഇറാനെ പിന്തിരിപ്പിക്കാൻ വിവിധ രാജ്യങ്ങൾ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്.
എന്നാൽ, അവർ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജോർഡനിലെ അബ്ദുല്ല രാജാവിനെ ഫോണിൽ വിളിച്ചു. 20 വർഷത്തിനു ശേഷം ജോർഡൻ വിദേശകാര്യ മന്ത്രി ഇറാൻ സന്ദർശിച്ചിരുന്നു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാശ്ചാത്യൻ സുഹൃദ് രാജ്യങ്ങളോട് പിന്തുണയും സഹായവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.