ദോഹ: ഫലസ്തീനിനും ഇസ്രായേലിനുമിടയിലെ സംഘർഷത്തിൽ എപ്പോഴും പറഞ്ഞു കേൾക്കുന്ന പേരാണ് ഇസ്മാഈൽ ഹനിയ്യയുടേത്. 2017 മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഹനിയ്യ മാറുന്നത്. ഗസ്സ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് അദ്ദേഹം ഖത്തറിൽ എത്തിയത്. വെടിനിർത്തൽ ചർച്ചകളിലെല്ലാം ഹമാസിന്റെ മുഖമായിരുന്നു. ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങൾ സംസാരിച്ചിരുന്നത് ഹനിയ്യയാണ്.
അറബ് രാജ്യങ്ങൾ ഇതേവരെ ഒപ്പുവെച്ച ഒരു കരാറും ഫലസ്തീനിനും ഇസ്രായേലിനും ഇടയിലെ സംഘർഷം അവസാനിപ്പിക്കില്ല എന്നായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഹനിയ്യ പ്രഖ്യാപിച്ചത്. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. ഹമാസ് നേതാവായ ഖാലിദ് മിശ്അലിനൊപ്പമാണ് അദ്ദേഹം ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിനും ഹമാസിനും ഗസ്സക്കും കൂടുതൽ സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഇവർ പ്രവർത്തിച്ചു. ഇരുവരെയും ഹമാസിനെയും ഭീകര നേതാക്കളും സംഘടനയുമായാണ് ഇസ്രായേൽ കണക്കാക്കുന്നത്. ഹമാസിന്റെ പോരാട്ട ശേഷി വളർത്തിയെടുക്കുന്നതിൽ ഹനിയ്യക്ക് ഒരു പ്രധാന പങ്കുണ്ട്.
2017ൽ ഹനിയ്യ ഗസ്സ വിട്ടപ്പോൾ, പിൻഗാമിയായി യഹിയ സിൻവാറാണ് ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായേൽ ജയിലിലായിരുന്നു സിൻവാർ. തടവുകാരെ കൈമാറ്റം ചെയ്യൽ കരാറനുസരിച്ചാണ് സിൻവാർ തിരികെ ഗസ്സയിൽ എത്തിയത്.
അറബ് ഗവൺമെന്റുകളുമായുള്ള ഹമാസിന്റെ രാഷ്ട്രീയ പോരാട്ടമാണ് ഹനിയ്യ നയിക്കുന്നതെന്ന് ഖത്തർ യൂനിവേഴ്സിറ്റിയിലെ ഫലസ്തീൻ കാര്യങ്ങളിൽ വിദഗ്ധനായ അദീബ് സിയാദെ പറഞ്ഞിരുന്നു. 1962-ലാണ് ഹനിയ ജനിച്ചത്. ഗസ്സ അഭയാർഥി ക്യാമ്പായ അൽ-ഷാതിയിലായിരുന്നു വീട്. ഈ വീട്ടിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടിരുന്നു. ഈ വീട് ഹമാസിന്റെ മുതിർന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായേൽ ആരോപണം.
ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ്യ മാറി. ഏകാധിപതികൾക്കും സ്വേച്ഛാധിപതികൾക്കും മുന്നിൽ മുട്ടുമടക്കരുത് എന്ന് ഞങ്ങൾ പഠിച്ചത് അഹമ്മദ് യാസിന്റെ അടുത്തുനിന്നായിരുന്നുവെന്ന് ഒരിക്കൽ ഹനിയ്യ പറഞ്ഞിരുന്നു. ഏതാണ്ട് പൂർണമായും തളർന്നുപോയ അഹമ്മദ് യാസീനൊപ്പം ഏത് സമയത്തും ഹനിയ്യ ഉണ്ടായിരുന്നു. ഹമാസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യകാല വക്താവായിരുന്നു ഹനിയ. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് 'ഉയരുന്ന സംഭവവികാസങ്ങളെ നേരിടാൻ ഹമാസിനെ പ്രാപ്തമാക്കും എന്നായിരുന്നു ഹനിയ പറഞ്ഞത്. തുടക്കത്തിൽ ഇത് അംഗീകരിക്കാൻ ഹമാസ് തയാറായില്ല. എന്നാൽ പിന്നീട് രാഷ്ട്രീയ സംഘടന രൂപവത്കരിക്കുകയും ചെയ്തു.
ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പിൻവാങ്ങിയതിന് ശേഷം 2006ൽ ഫലസ്തീൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ഹനിയ്യ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2007ലാണ് ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
മധ്യ ഗസ്സയിൽ അൽശാത്തി അഭയാർഥി ക്യാമ്പിൽ സഞ്ചരിച്ച വാഹനത്തിനുമേൽ ബോംബിട്ടാണ് ഹനിയ്യയുടെ ഹാസിം, ആമിർ, മുഹമ്മദ് എന്നീ മക്കളെയും മൂന്നു പെൺകുട്ടികളടക്കം നാലു പേരമക്കളെയും വധിച്ചത്. പെരുന്നാൾദിനത്തിൽ ഇവർ കുടുംബ വീടുകളിൽ സന്ദർശനത്തിന് പുറപ്പെട്ടതായിരുന്നു. ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്‍റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്തമെന്നുമാണ് ഇതിനോട് ഹനിയ്യ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.