യു.എൻ.ആർ.ഡബ്ല്യു.എയെ തകർക്കാൻ തുനിഞ്ഞിറങ്ങി ഇസ്രായേൽ; എല്ലാ അടവും പൊളിഞ്ഞപ്പോൾ ഭീകരമുദ്ര ചാർത്താൻ ശ്രമം

തെൽഅവീവ്: പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന കടന്നാക്രമണവും ഉപരോധവും യുദ്ധവും മൂലം ജീവിതം അസഹ്യമായ ഫലസ്തീ​നികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എയെ പൂട്ടിക്കാൻ പതിനെട്ടടവും പയറ്റി ഇസ്രായേൽ. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയെ(യു.എൻ.ആർ.ഡബ്ല്യു.എ) ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ധൃതിപിടിച്ചുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

‘ഭീകര സംഘടന’ ആയി പ്രഖ്യാപിക്കുന്ന ബില്ലിന് അംഗീകാരം നൽകാനുള്ള പ്രാഥമിക പ്രമേയം ഇസ്രായേൽ പാർലമെൻറ് കഴിഞ്ഞദിവസം പാസാക്കി. ഇസ്രായേൽ ഔർ ഹോം പാർട്ടി അംഗമായ യൂലിയ മാലിനോവ്സ്കി അവതരിപ്പിച്ച ബില്ലിന് ആറുപേർ എതിർത്തപ്പോൾ 42 നെസെറ്റ് അംഗങ്ങൾ പിന്തുണച്ചു.


നേരത്തെ ഒക്ടോബർ ഏഴിലെ ഹമാസിന്റെ തൂഫാനുൽ അഖ്സ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർ പങ്കാളികളായി എന്ന കള്ളം ഇസ്രായേൽ കാടടച്ച് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്ക് സഹായം നൽകുന്നത് നിർത്തിവെക്കാൻ ലോകരാഷ്ട്രങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി വലഞ്ഞ ഏജൻസി അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുകയായിരുന്നു. ഒടുവിൽ, മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇസ്രായേലിന്റെ ആരോപണം കള്ളമാ​ണെന്ന് തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ വിവിധ രാഷ്ട്രങ്ങൾ തീരുമാനിച്ചത്.

യു.എൻ.ആർ.ഡബ്ല്യു.എയ്ക്കെതിരെ ഭീകരവിരുദ്ധ നിയമം ബാധകമാക്കണമെന്നും ഇസ്രായേലും ഏജൻസിയും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും ബന്ധങ്ങളും നിർത്തലാക്കണമെന്നും പുതിയ ബിൽ നിർദേശിക്കുന്നു. ഇസ്രായേൽ അനധികൃതമായി കൈയടക്കിയ അധി​നിവേശ ഫലസ്തീനിലെ ഏജൻസിയുടെ ഓഫിസുകൾ അടച്ചുപൂട്ടാനും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാൽ ഏജൻസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും രക്ഷാപ്രവർത്തകർക്കും ഉള്ള പ്രത്യേക സുരക്ഷാപദവിയും ഇല്ലാതാകും. നിലവിൽ, സുരക്ഷ നിലനിൽക്കേതന്നെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെയാണ് ഇസ്രായേൽ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. യു.എൻ.ആർ.ഡബ്ല്യു.എയുടെ നിരവധി ഓഫിസുകളും ക്യാമ്പുകളും വാഹനങ്ങളും ഇസ്രായേൽ തകർക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷ പിൻവലിക്കുക കൂടി ചെയ്താൽ ജീവനക്കാരുടെ കൂട്ടക്കുരുതിക്കും ആംബുലൻസുകൾ അടക്കം ഏജൻസിക്ക് കീഴിലുള്ള സഹായസംവിധാനങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതിനും കളമൊരുങ്ങു​ം. യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർക്കുള്ള നയതന്ത്ര പദവിയും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം റദ്ദാക്കും.

ആസ്ഥാനകെട്ടിടം 30 ദിവസത്തിനകം തകർക്കാൻ ഉത്തരവ്

ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യു.എൻ.ആർ.ഡബ്ല്യു.എയെ ഇല്ലായ്മ ചെയ്യാൻ ഇസ്രായേൽ അണിയറയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. അധിനിവേശ ഫലസ്തീനിൽ സ്ഥിതിചെയ്യുന്ന യു.എൻ.ആർ.ഡബ്ല്യു.എയുടെ ആസ്ഥാനകെട്ടിടം 30 ദിവസത്തിനകം തകർക്കാൻ ഭവന മന്ത്രി യിത്സാക്ക് ഗോൾഡ്‌നോഫ് ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണ്. എല്ലാ സർക്കാർ ഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ലാൻഡ് അതോറിറ്റി (ഐഎൽഎ) യുഎൻആർഡബ്ല്യുഎയെ അറിയിച്ചു. 30ദിവസമാണ് ഇതിന് സമയം നൽകിയിരിക്കുന്നത്. ഇസ്രായേൽ അനധികൃതമായി കൈവശം വെച്ച ഫലസ്തീൻ മണ്ണിൽനിന്നാണ് യു.എൻ ഏജൻസിയെ കുടിയൊഴിപ്പിക്കുന്നത് എന്നതാണ് ഏറെ വിചിത്രം.

കൂടാതെ, കഴിഞ്ഞ ഏഴ് വർഷമായി സമ്മതമില്ലാതെ ഇസ്രായേൽ ഭൂമിയിൽ പ്രവർത്തിച്ചതിന് 73 ലക്ഷം ഡോളർ (60.90 കോടി രൂപ) പിഴ അടക്കണ​മെന്നും യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ‘സർക്കാർ ഭൂമിയു​ടെ നിയമവിരുദ്ധമായ ഉപയോഗം ഉടനടി നിർത്തുക, ഇതുവരെ നിർമിച്ചതെല്ലാം നശിപ്പിക്കുക, ഭൂമി ഒഴിപ്പിച്ച് 30 ദിവസത്തിനുള്ളിൽ അത് അതോറിറ്റിക്ക് തിരികെ നൽകുക’ -കത്തിൽ പറയുന്നു.

ഇസ്രായേൽ നീക്കത്തെ അപലപിച്ച് ബെൽജിയം

യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനയായി മുദ്രകുത്തി ജീവനക്കാരുടെ നയതന്ത്രപദവിയും സുരക്ഷയും ഇല്ലാതാക്കാനുള്ള ഇസ്രായേൽ പാർലമെന്റിന്റെ നീക്കത്തെ ബെൽജിയം അപലപിച്ചു. “ഗസ്സയിലെ മാനുഷിക ദുരന്തം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ സേവനം ഫലസ്തീനികൾക്ക് അത്യന്താപേക്ഷിതമാണ്” -വിദേശകാര്യ മന്ത്രി ഹദ്ജ ലഹ്ബീബ് എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

യു.എൻ.ആർ.ഡബ്ല്യു.എ: ഫലസ്തീന്റെ ജീവനാഡി

ഉപരോധത്തിലും യുദ്ധത്തിലും തളർന്ന ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70​ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരു​ടെ സേവനപ്രവർത്തനം. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സന്നദ്ധസേവന കേന്ദ്രങ്ങളും ഏജൻസിയു​ടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


ഇതിനെ തകർത്താൽ ഫലസ്തീനികളെ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആയുധമില്ലാതെ കൂട്ടക്കൊല നടത്താം എന്ന കുബുദ്ധിയാണ് ഇസ്രായേലിനെ നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ജനുവരിയിൽ ഇസ്രായേൽ ആരോപണം ഉന്നയിച്ചത്. നിരവധി ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇത് മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം നിർത്തിവെക്കാൻ ലോകരാജ്യങ്ങൾക്ക് മേൽ ഇസ്രായേൽ സമ്മറദം ചെലുത്തി. യുഎസും സ്വിറ്റ്‌സർലൻഡും ജർമനിയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇതിനുവഴങ്ങി സഹായം മരവിപ്പിച്ചു.


എന്നാൽ, ഫ്രഞ്ച് മുൻ വിദേശകാര്യമന്ത്രി കാതറിൻ കൊളോണ നടത്തിയ വസ്തുതാന്വേണത്തിൽ ഈ ആരോപണങ്ങൾ മുഴുവൻ പച്ചക്കള്ളമാ​ണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നൽകാൻ ഇസ്രായേലിനോട് കൊളോണ ആവ​ശ്യപ്പെ​ട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല. ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് കൊളോണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണ​മെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ സെക്രട്ടറി ജനറലും യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണറും അടക്കമുള്ള പ്രമുഖർ ആഹ്വാനം ചെയ്തിരുന്നു.

Tags:    
News Summary - Israel advances bill to designate UNRWA as a ‘terrorist organisation’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.