ഗസ്സ സിറ്റി: ഗസ്സയെ പൂർണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും ഇസ്രായേൽ സേന. തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ടായി വിഭജിച്ചെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രായേൽ സൈന്യം പറയുന്നു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ടെലിഫോൺ, ഇന്‍റർനെറ്റ് സംവിധാനങ്ങൾ പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് വാർത്താവിനിമയ ബന്ധം പൂർണമായും തകരാറിലാകുന്നത്.
ഗസ്സയിൽ കഴിഞ്ഞ രാത്രിയും ഇസ്രായേലിന്‍റെ കനത്ത ആക്രമണമാണ് നടന്നത്. വ്യോമാക്രമണങ്ങളിൽ വിവിധയിടങ്ങളിലായ 27 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. റഫയിലെ തൽ അൽ സുൽത്താനിൽ 15 പേരും, അൽ സവൈദയിൽ 10 പേരും കൊല്ലപ്പെട്ടു. ജബലിയ ക്യാമ്പിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.
ഇതോടെ, ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി. യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുടെ 88 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് യു.എൻ അറിയിച്ചു.
ആശുപത്രികൾക്കും സ്കൂളുകൾക്കും പിന്നാലെ കൂട്ടക്കുരുതി അഭയാർഥി ക്യാമ്പുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനിടെ മൂന്ന് അഭയാർഥി ക്യാമ്പുകളാണ് വ്യോമാക്രമണത്തിനിരയായത്. ഗസ്സയിലെ അൽമഗാസി അഭയാർഥി ക്യാമ്പ്, ജബലിയ, അൽബിറാജ് ക്യാമ്പ്, ഗസ്സയിലെ സ്കൂൾ എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ സംഭാഷണങ്ങൾ തുടരുന്നതിനിടെ ഇസ്രായേൽ ആശുപത്രികളും വിദ്യാലയങ്ങളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിടുന്നത് മേഖലയിൽ പ്രതിഷേധം ഇരട്ടിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.