ജിദ്ദ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട യു.എൻ രക്ഷാസമിതി പ്രമേയത്തെ തടഞ്ഞ അമേരിക്കയുടെ വീറ്റോ ഉപയോഗത്തിൽ അറബ്, ഇസ്ലാമിക് മന്ത്രിതല സമിത അതൃപ്തി പ്രകടിപ്പിച്ചു. വാഷിങ്ടണിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചർച്ചയിലാണ് അതൃപ്തിയും പ്രതിഷേധവും തുറന്നുപ്രകടിപ്പിച്ചത്.
ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിനെതിരെ രക്ഷാസമിതിയിൽ വീറ്റോ പ്രയോഗിച്ചത് നിരാശജനകവും പ്രതിഷേധാർഹവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തുറന്നടിച്ചു. ഇസ്രായേലിനെ അടിയന്തര വെടിനിർത്തലിന് പ്രേരിപ്പിക്കാൻ നടപടികൾ കൈക്കൊള്ളാനും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അമേരിക്കയോട് സമിതി ആവശ്യപ്പെട്ടു.
മാനുഷിക കാരണങ്ങളാൽ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ബ്ലിങ്കനോട് സമിതിയംഗങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അടിയന്തരവും സമ്പൂർണവുമായ വെടിനിർത്തൽ എന്ന ആവശ്യം ആവർത്തിക്കുന്നു. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം. ഇസ്രായേൽ നടപ്പാക്കാൻ ശ്രമിക്കുന്ന എല്ലാ നിർബന്ധിത കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങളെയും പൂർണമായും നിരാകരിക്കുന്നു. ഫലസ്തീൻ വിഷയത്തിൽ എല്ലാ തലങ്ങളിലും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.