ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കിയാൽ ഹമാസ് ബന്ദികളാക്കിയവരുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്ക ആവർത്തിച്ച് കുടുംബാംഗങ്ങൾ. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്ന ഹമാസിന്റെ വാഗ്ദാനം സ്വീകരിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഇസ്രായേൽ സർക്കാർ വ്യക്തമായ ഉത്തരം നൽകണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
ബന്ദികളുടെ കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് നിരവധി ബന്ധുക്കൾ ശനിയാഴ്ച തെൽ അവീവിൽ റാലി നടത്തി. സർക്കാർ പ്രതിനിധി കൂടിക്കാഴ്ചക്കെത്തിയില്ലെങ്കിൽ കൂടുതൽ തെരുവ് പ്രകടനങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൈഫ, അത്ലിത്, കേസറിയ, ബേർഷേവ, എയ്ലാത് എന്നിവിടങ്ങളിൽ നിരവധി പേർ പ്രകടനം നടത്തി. ഇതിനുപിന്നാലെ, യുദ്ധ ആസൂത്രണ ചർച്ചക്ക് ഇടവേള നൽകിയാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കുടുംബാംഗങ്ങളുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ്, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഹമാസ് രംഗത്തെത്തിയത്. ഇസ്രായേലിലെ 19 ജയിലുകളിലും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ജയിലിലുമായി ആയിരക്കണക്കിന് ഫലസ്തീനികളാണ് തടവുകാരായി കഴിയുന്നത്.
അതേസമയം, എന്തെങ്കിലും ധാരണകളെക്കുറിച്ച് നെതന്യാഹു കുടുംബാംഗങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. ബന്ദികളെ തിരികെയെത്തിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന ഉറപ്പ് നൽകുകയാണ് അദ്ദേഹം ചെയ്തത്. ഏതാനും മാസം മുതൽ 80 വരെ പ്രായമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഇവരെ കണ്ടെത്തുകയാണ് സൈനിക നടപടിയുടെ പ്രധാന ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരുടെ കൈമാറ്റത്തെ അനുകൂലിക്കുന്നതായി ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിനിധി മെൽറാവ് ഗോനെൻ നെതന്യാഹുവിനോട് പറഞ്ഞു. ഇവരുടെ മകൾ റോമിയും ബന്ദികളിലൊരാളാണ്. സർക്കാറുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.