2019ന് ശേഷം അഞ്ചാമത്തെ തെരഞ്ഞെടുപ്പിന് ഇസ്രായേൽ; നെതന്യാഹുവിന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു

തെൽ-അവീവ്: 2019ന് ശേഷമുള്ള അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ഇസ്രായേലിൽ ഇന്ന് നടക്കുന്നു. അധികാരത്തിലിരിക്കുന്ന എട്ട് വ്യത്യസ്ത സഖ്യകക്ഷികളുടെ സർക്കാർ രാഷ്ട്രീയ സ്ഥിരത കെവരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിലെ പ്രധാനമന്ത്രി യെർ ലാപിഡ് അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ അദ്ദേഹത്തിന്റെ മധ്യപക്ഷ കക്ഷിയായ യെഷ് ആറ്റിദ് പാർട്ടി തീവ്ര വലതുപക്ഷ ലിക്കുഡ് പാർട്ടിയേക്കാൾ അല്പം പിന്നിലാണ്. അധികാരം നിലനിർത്താൻ ലാപിഡിന് സഖ്യം രൂപീകരിച്ചേ മതിയാകൂ.

120 അംഗ നെസെറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. സർക്കാൻ രൂപീകരിക്കാൻ 61 സീറ്റുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.

അതേസമയം, തങ്ങൾ ആരംഭിച്ച കാര്യങ്ങൾ തുടരുമെന്ന് മുൻ ടി.വി അവതാരകനായ ലാപിഡ് പറഞ്ഞു. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, തീവ്ര വലതുപക്ഷ നേതാവ് ഇറ്റാമർ ബെൻ-ഗ്വിർ നെതന്യാഹുവിനെ പ്രധാനമന്ത്രിപദത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അറബികൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന ബെൻ-ഗ്വീർ രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ടെന്ന അഹ്വാനമാണ് നൽകിയത്.

കിഴക്കൻ ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സേനയുടെ അക്രമം രൂക്ഷമായ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. ഒക്ടോബറിൽ രണ്ട് പ്രദേശങ്ങളിലായി നടന്ന ആക്രമണത്തിൽ കുറഞ്ഞത് 29 ഫലസ്തീനികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ദിവസം വെസ്റ്റ് ബാങ്കിലേക്കുള്ള ചെക്ക്‌പോസ്റ്റുകൾ അടക്കുമെന്നും ഗസ മുനമ്പിലൂടെയുള്ള ക്രോസിങ് അടയ്ക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പ് വിഷയമായി നിരവധി കക്ഷികൾ ഉയർത്തുന്നുണ്ടെങ്കിലും ഫലസ്തീനുമായുള്ള സമാധാന ചർച്ചകൾ പുന:രാരംഭിക്കുന്നതിനുള്ള വേദിക്കായി ശബ്ദമുയർത്തി ഒരു കക്ഷിയും മുന്നോട്ടു വന്നിട്ടില്ല. 

Tags:    
News Summary - Israel is voting in country’s 5th election since 2019 as Netanyahu seeks return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.