ഗസ്സ സിറ്റി: ഗസ്സയിൽ ഒരു മാസം പിന്നിട്ടുതുടരുന്ന ചോരക്കൊതിക്കിടെ, തങ്ങളുടെ ദീർഘകാല പദ്ധതിയിലേക്ക് സൂചന നൽകി ഇസ്രായേൽ. യുദ്ധാനന്തരം അനിശ്ചിത കാലത്തേക്ക് ഗസ്സയുടെ സുരക്ഷയുടെ കാര്യത്തിൽ ഇസ്രായേലിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ഒപ്പം, ആക്രമണത്തിന് ചെറിയ ഇടവേളയെന്ന ആശയത്തോട് തുറന്ന മനസ്സാണെന്നും നെതന്യാഹു സൂചന നൽകി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഗസ്സയെ തരിശുനിലമാക്കിയിടാനാണ് ഇസ്രായേൽ പദ്ധതിയെന്ന്, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം അവർ ഹീബ്രു ഭാഷയിൽ പുറത്തിറക്കിയ നിരവധി രേഖകൾ സൂചന നൽകിയിരുന്നു.
ഇതിനിടെ, ചൊവ്വാഴ്ചയും നടത്തിയ വ്യോമാക്രമണങ്ങളിൽ എൺപതോളം പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഒരു കുടുംബത്തിലെ 42 പേരാണ് കൊല്ലപ്പെട്ടത്. റഫയിലും ഖാൻ യൂനുസിലും നടന്ന ആക്രമണങ്ങളിൽ 23 പേരും മരിച്ചു.
ഫലസ്തീൻ വാർത്താ ഏജൻസി വഫയുടെ ജേണലിസ്റ്റ് മുഹമ്മദ് അബൂ ഹാസിറയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഗസ്സയിൽ ഇതുവരെ 10,328 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 4,237 കുട്ടികളും 2,719 സ്ത്രീകളുമാണ്. 25,965 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് ഒഴിയുന്നവർക്കായി സുരക്ഷിതപാത ഒരുക്കിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഗസ്സ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പുനൽകി. അടിയന്തര വെടിനിർത്തൽ ആവശ്യം അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇന്ധനം ഗസ്സക്ക് ഏറ്റവും അടിയന്തര ആവശ്യമായി മാറിയ നിമിഷമാണെന്നും ഇതുവരെ എത്തിയ 569 സഹായ ട്രക്കുകളിൽ ഒന്നുപോലും ഇന്ധനമല്ലെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷണ സമിതി ചൊവ്വാഴ്ച മുന്നറിയിപ്പു നൽകി.
12 ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്നും എന്നാൽ ഇസ്രായേൽ ആക്രമണം കാരണം ഇതിന് സാധ്യമാകുന്നില്ലെന്നും ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ യു.എൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ വോൾക്കർ ടർക്ക് അഞ്ചു ദിവസ സന്ദർശനത്തിനായി പശ്ചിമേഷ്യയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.