ബന്ദി മോചനം: ഖത്തറിനും ഈജിപ്തിനും നന്ദി പറഞ്ഞ് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിനും ​ബന്ദികളെ മോചിപ്പിക്കാനും കരാർ ഉണ്ടാക്കാൻ മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഹമാസ് -ഇസ്രായേൽ കരാറിന് നിർണായക നേതൃത്വം വഹിച്ച ഖത്തർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസിക്കും നന്ദി പറയുന്നു. ഈ കരാർ വഴി കൂടുതൽ അമേരിക്കൻ ബന്ദികൾക്ക് തങ്ങളുടെ വീടണയാൻ കഴിയും. എല്ലാവരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരും’ -ബൈഡൻ വ്യക്തമാക്കി.

ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനുള്ള കരാറിനെ പ്രത്യേകം സ്വാഗതം ചെയ്ത അദ്ദേഹം, കരാറിൽ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണ്ണമായും നടപ്പാക്കണമെന്ന് ആവശ്യ​പ്പെട്ടു. വെടിനിർത്തലിനെ പിന്തുണച്ച ഇസ്രായേൽ സർക്കാറിനെയും പ്രധാനമന്ത്രി നെതന്യാഹുവിനെയും വൈറ്റ് ഹൗസ് അഭിനന്ദിച്ചു.

ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ നേരത്തെ അറിയിച്ചിരുന്നു. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കും. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകര​ണത്തോടെയാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിച്ചത്.

ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. താൽക്കാലിക വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. ഹമാസ് -ഇസ്രായേൽ സന്ധി തയാറാക്കുന്നതിൽ ഇടപെടൽ നടത്തിയ ഈജിപ്തിനെയും അമേരിക്കയെയും ഖത്തർ അഭിനന്ദിച്ചിരുന്നു.

Tags:    
News Summary - Israel Palestine Conflict: Biden thanked Sheikh Tamim bin Hamad Al-Thani of Qatar and President Abdel-Fattah el-Sisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.