ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ഗസ്സയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ്

‘കുഞ്ഞേ, എനിക്ക് കരയാതിരിക്കാനാവുന്നില്ല! നീ അമ്മയേയും അച്ഛനേയും ചോദിക്കല്ലേ...’-തോളെല്ല് പൊട്ടിയ കുട്ടിയെ ചികിത്സിച്ച ഗസ്സയിലെ ഡോക്ടർ പറയുന്നു

ഗസ്സ സിറ്റി: അമ്മയെയും അച്ഛനെയും കാണണമെന്ന് ഓപറേഷൻ ടേബ്ളിൽ കിടന്ന് ആ ആറു വയസ്സുകാരി വിതുമ്പിക്കരഞ്ഞുകൊണ്ട് പറയുന്നു. വീണ്ടും വീണ്ടും അവരെ കാണാൻ കെഞ്ചിക്കൊണ്ടിരിക്കുന്നു. ഉടപ്പിറപ്പുകളെയും കുടുംബക്കാരെയും കളിക്കൂട്ടുകാരെയും ഇടക്കിടെ ചോദിച്ചുകൊണ്ടിരിക്കുന്നു. അവളറിയില്ലല്ലോ, ഇനിയവർ വരില്ലെന്ന്... ഇസ്രായേൽ ക്രൂര​ൻമാർ വർഷിച്ച തീബോംബിൽ അച്ഛനുമമ്മയും സഹോദരങ്ങളുമെല്ലാം മരിച്ചുപോയെന്ന്... അവളുടെ കുടുംബത്തിൽ അവൾ മാത്രമാണ് ബാക്കിയെന്നും ആ പൈതലിന് അറിയില്ലല്ലോ...

തോളെല്ലുപൊട്ടി മാംസവും അസ്ഥിയും പുറത്തുകാണുന്ന തരത്തിലാണ് ഈ കുട്ടിയെ ഗസ്സയി​ലെ അൽ അഹ്‍ലി ആശുപത്രിയിൽ കൊണ്ടുവന്നത്. ‘ഇത്രനാളും ഞാൻ എല്ലാ കേസുകളും പതറാതെ കൈകാര്യം ചെയ്യാൻ എന്നെത്തന്നെ പരിശീലിപ്പിച്ച് പരമാവധി പിടിച്ചുനിന്നിരുന്നു. എന്നാൽ ഇന്ന്, ആ ആറുവയസ്സു തോന്നാത്ത കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ ഹൃദയം വിങ്ങി​പ്പൊട്ടി... ഞാൻ കരഞ്ഞു...’ -അൽ അഹ്‍ലി ആശുപത്രിയിലെ സർജൻ ഡോ. ഫാദൽ നഈം പറഞ്ഞു.

‘തോളെല്ലിന് ഗുരുതര പരിക്കേറ്റ് മുറിവുമായി 6 വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത നിരപരാധിയായ കുഞ്ഞിന് അടിയന്തിര ചികിത്സ നടത്തുമ്പോൾ ഞാൻ കരഞ്ഞു. അമ്മയെയും അച്ഛനെയും കുടുംബത്തെയും കുറിച്ച് അവൾ തുടരെ തുടരെ ചോദിച്ചു​കൊണ്ടിരുന്നു. അവളുടെ കുടുംബത്തിൽ എല്ലാവരും മരിച്ചു. അവൾ മാത്രമാണ് രക്ഷപെട്ടതെന്ന് എനിക്കറിയാം. മതിയാക്കൂ... നിരപരാധികൾക്കെതിരായ ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കൂ !!’ -ഡോ. ഫാദൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

തൊട്ടുപിന്നാലെ, ഹൃദയഭേദകമായ ഒരുകുറിപ്പും ഡോക്ടർ പങ്കുവെച്ചു. അഞ്ചുമാസം ഗർഭിണിയായ ഇരുപതികാരിയെ ചികിത്സിച്ച വിവരമായിരുന്നു അത്. ഗർഭസ്ഥ ശിശുവിനെ പേറുന്ന അവളുടെ വയറ്റിലാണ് ഇസ്രായേൽ ബോംബാക്രമണത്തിൽ ചീള് തറച്ചുകയറിയത്. അവളുടെ ജീവൻ രക്ഷിക്കണമെങ്കിൽ കുഞ്ഞി​ന്റെ ജീവൻ എന്തായാലും ഹനിക്കേണ്ടിവരും. ചിലപ്പോൾ ഗർഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നേക്കാം. എന്നാൽ, ഇത് ചെയ്യാനുള്ള ഗൈനക്കോളജിസ്റ്റ് ആശുപത്രിയിൽ ഇല്ല. പകരം ജനറൽ സർജനാണ് ഓപറേഷൻ നടത്താൻ ആകെയുള്ളത്. അദ്ദേഹമാണ് സർജറി നടത്തുക.

ഗർഭസ്ഥ ശിശു നഷ്‌ടപ്പെടാനുള്ള സാധ്യതയും ഗർഭപാത്രം നീക്കം ചെയ്യാനുള്ള സാധ്യതയും അംഗീകരിച്ചുകൊണ്ട് അവർ സമ്മതപത്രത്തിൽ ഒപ്പിട്ടതായും മെഡിക്കൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കടുത്ത ക്ഷാമത്തിനിടയിൽ അവളെ രക്ഷിക്കാനുള്ള ഏക പോംവഴി ഇതാണെന്നും ഡോ. ഫാദൽ നഈം വ്യക്തമാക്കി. 

Tags:    
News Summary - Israel Palestine Conflict: I cried while performing intervention for an innocent girl -Dr Fadel Naim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.