അന്ത്യശാസനത്തെ തുടർന്ന് ഒഴിഞ്ഞു പോയവർക്കു നേരെ തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം; ഒട്ടേറെ മരണം

ഗസ്സ സിറ്റി: ഒഴിഞ്ഞുപോയില്ലെങ്കിൽ ബോംബിട്ടുകൊല്ലുമെന്ന ഭീഷണിയെ തുടർന്ന് തെക്കൻ ഗസ്സയിലേക്ക് നീങ്ങിയ ഫലസ്തീനികളെ പിന്തുടർന്ന് വേട്ടയാടി ഇസ്രായേൽ കാപാലികത. വടക്കൻ മേഖലയിൽനിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന അന്ത്യശാസനത്തെ തുടർന്ന്  വീടുവിട്ടിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒട്ടേറെ ഗസ്സ നിവാസികളെ ദക്ഷിണ ഖാൻ യൂനിസിൽ വെച്ച് ഇസ്രായേൽ സേന ബോംബിട്ടുകൊന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

രണ്ടു പാതകളിൽ കൂടി ഒഴിഞ്ഞുപോകുന്നവർ സുരക്ഷിതരാണെന്ന അറിയിപ്പിനെ തുടർന്ന് പുറപ്പെട്ട 70 പേരടങ്ങുന്ന വാഹനവ്യൂഹത്തിനുനേരെ വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതായി ഹമാസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസും റിപ്പോർട്ട് ചെയ്തു. 

വിവിധ രാജ്യങ്ങളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച്, 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ ഭീഷണിയെ തുടർന്ന് ആയിരങ്ങളാണ് പലായനംചെയ്യുന്നത്. ഖാൻ യൂനുസ്, റഫ ഗവർണറേറ്റുകളിലേക്കാണ് ജനങ്ങൾ നീങ്ങുന്നത്. നേരത്തെതന്നെ ജനനിബിഡമായ ഈ മേഖലകൾ ജനസമുദ്രമാവുകയാണ്. ഇവിടെ ഭക്ഷണവും വെള്ളവും തീരുന്നതോടെ വൻ ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നാണ് ആശങ്ക. 24 മണിക്കൂറിനിടെ 320 ഫലസ്‍തീനികളാണ് കൊല്ലപ്പെട്ടത്.

ഒരാഴ്ചയായ സംഘർഷത്തിൽ 2215 ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടു. 8714 പേർക്ക് പരിക്കുണ്ട്. ആശുപത്രി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് ഐസ്ക്രീം ലോറികൾ വരെ മോർച്ചറികളാക്കി മാറ്റി. ശനിയാഴ്ചയിലെ ഹമാസ് ആക്രമണത്തിൽ 1300 ഇസ്രായേലികളാണ് മരിച്ചത്. ഗസ്സയിലെ തങ്ങളുടെ അഭയകേന്ദ്രങ്ങൾ ഇനിയങ്ങോട്ട് സുരക്ഷിതമായ ഇടങ്ങളല്ലെന്നും ഒരു തുള്ളിവെള്ളം കിട്ടാത്ത അവസ്ഥയാണ് വരുന്നതെന്നും യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസി മുന്നറിയിപ്പു നൽകി. 

മാനുഷികദുരന്തം വേദനാജനകമാണെന്നും എന്നാൽ, സേനാപിന്മാറ്റമെന്ന ആവശ്യമുന്നയിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഈജിപ്ത് അതിർത്തി തുറക്കുമെന്ന പ്രതീക്ഷയിൽ ശനിയാഴ്ച ഒട്ടേറെ കുടുംബങ്ങൾ റഫ ക്രോസിങ്ങിലെത്തി. ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും മേഖലയിലെ സമാധാനത്തിനും സൗദിക്കൊപ്പം നിൽക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ റിയാദിൽ പറഞ്ഞു. ഗസ്സയിൽ ‘സുരക്ഷിത മേഖലകൾ’ സ്ഥാപിക്കുന്നതിനും ‘മാനുഷിക ഇടനാഴി’ തുറക്കാനും യോജിച്ചുപ്രവർത്തിക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു.

ഇതിനിടെ, ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും കുടിയൊഴിപ്പിക്കുന്നതും ഉടൻ  അവസാനിപ്പിക്കണമെന്ന് തുർക്കിയ ആവശ്യപ്പെട്ടു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെൻട്രൽ ലണ്ടനിൽ കൂറ്റൻ റാലി നടന്നു. ഫലസ്തീനികൾ കൂട്ടവംശഹത്യയുടെ വക്കിലാണെന്നും ലോകസമൂഹം വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധ ഫ്രാൻസെസ്ക ആൽബനീസ് ആവശ്യപ്പെട്ടു. 

തങ്ങൾ തയാറാണെന്ന്, ഗസ്സ അതിർത്തിയിലെ സൈനിക സന്നാഹം സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് കമാൻഡർ അലി ഖാദിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ കരയുദ്ധനീക്കത്തെ തുടർന്ന് ഗസ്സയിൽ 35,000ത്തോളം പേർ ആശുപത്രിയിൽ അഭയം തേടി.

തെക്കുപടിഞ്ഞാറൻ ലബനാനിലെ ഇസ്രായേൽ സൈനിക പോസ്റ്റിനുനേരെ റോക്കറ്റാക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ദക്ഷിണ ഇസ്രായേലിലേക്ക് ഹമാസ് നിരവധി തവണ റോക്കറ്റ് ആക്രമണം നടത്തി. 

മഹാഭൂകമ്പം നേരിടേണ്ടിവരുമെന്ന് ഇറാൻ

ബൈറൂത്ത്: ഗസ്സക്കുമേലുള്ള യുദ്ധക്കുറ്റം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മഹാഭൂകമ്പം നേരിടേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിന്റെ ഏതു നീക്കത്തിനും തിരിച്ചടി നൽകാൻ പോരാളികൾ സജ്ജരാണെന്നും ഇറാൻ വിദേശമന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ ശനിയാഴ്ച ബൈറൂത്തിൽ പറഞ്ഞു.

Tags:    
News Summary - Israel Palestine Conflict: Israeli attacks in southern Gaza against those who fled after the ultimatum; A lot of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.