വാഷിങ്ടൺ: വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രായേൽ സൈനിക വിഭാഗം ‘നെറ്റ്സ യെഹൂദ’ ബറ്റാലിയനെതിരെ ഉപരോധമേർപ്പെടുത്താൻ യു.എസ്. ആദ്യമായാണ് ഒരു ഇസ്രായേൽ സൈനിക യൂനിറ്റിനെതിരെ യു.എസ് നടപടിക്കൊരുങ്ങുന്നത്. ദിവസങ്ങൾക്കിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉപരോധം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തിന് യു.എസ് സാമ്പത്തിക സഹായത്തോടെയുള്ള എല്ലാത്തരം പരിപാടികളിലും വിലക്കും യു.എസ് സൈനിക പരിശീലനവും മുടക്കുന്നതാണ് ഉപരോധം.
യു.എസ് ആയുധങ്ങളും ഇവർക്ക് അനുവദിക്കില്ല. ഒക്ടോബർ ഏഴിനു മുമ്പുള്ള അതിക്രമങ്ങളാണ് ഇവർക്കെതിരായ നടപടിക്ക് കാരണം. മറ്റു സൈനിക വിഭാഗങ്ങളിൽ റിക്രൂട്ട്മെന്റ് വിലക്കുള്ള അതിതീവ്ര കുടിയേറ്റക്കാരടങ്ങിയ വിഭാഗമാണ് നെറ്റ്സ യെഹുദ. 2022ലാണ് ഇവർക്കെതിരെ യു.എസ് സ്റ്റേറ്റ് വിഭാഗം അന്വേഷണം ആരംഭിച്ചത്.
2023ൽ വെസ്റ്റ് ബാങ്കിൽനിന്ന് ഈ വിഭാഗത്തെ ജൂലാൻ കുന്നുകളിലേക്ക് മാറ്റിയിരുന്നു. 2022ൽ 78കാരനായ അമേരിക്കൻ- ഫലസ്തീനി ഉമർ അസദിനെ കൈകളും കണ്ണും കെട്ടി കൊടുംതണുപ്പിൽ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിവിട്ടതടക്കം നിരവധി ക്രൂരതകളാണ് നെറ്റ്സ യെഹൂദ നടത്തിയിരുന്നത്. നിലവിൽ ഇവരും ഗസ്സയിൽ ഇസ്രായേൽ സൈനിക നീക്കത്തിന്റെ ഭാഗമാണ്.
എന്നാൽ, ഇസ്രായേൽ സൈന്യത്തിനെതിരായ നടപടി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാണെന്നും ചുവന്നവര ഭേദിക്കലാണെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
പ്രതിപക്ഷത്തായിരുന്ന യുദ്ധ മന്ത്രിസഭാംഗം ബെന്നി ഗാന്റ്സും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സേനകൾക്കും വിലക്കേർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ലീഹി നിയമപ്രകാരമാകും ഉപരോധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.