ഇസ്തംബൂൾ: ഇസ്രായേൽ യുദ്ധക്കുറ്റവാളിയെ പോലെ പെരുമാറുന്നുവെന്ന് റജബ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തിയതിനു പിന്നാലെ തുർക്കിയയിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രായേൽ. ഇസ്തംബൂളിൽ ആയിരങ്ങൾ പങ്കെടുത്ത ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രായേലിനെതിരെ കടുത്ത വിമർശനം നടത്തിയത്. ‘ഗസ്സ കൂട്ടക്കുരുതിക്ക് പിന്നിലെ പ്രധാന പ്രതി പടിഞ്ഞാറാണ്. തുടർച്ചയായി 22 ദിവസങ്ങളായി ഇസ്രായേൽ പരസ്യമായി യുദ്ധക്കുറ്റങ്ങൾ തുടരുകയാണ്.
എന്നിട്ടും, ഇസ്രായേലിനോട് വെടിനിർത്താൻ ആവശ്യപ്പെടാൻപോലും പാശ്ചാത്യനേതാക്കൾക്കാകുന്നില്ല. ഫലസ്തീനികളെ തുടച്ചുനീക്കാനാണ് ഇസ്രായേൽ ശ്രമം’ - ഉർദുഗാൻ പറഞ്ഞു. പ്രസംഗം പൂർത്തിയായ ഉടൻ സമൂഹമാധ്യമത്തിൽ ഇതിനെതിരെ രംഗത്തുവന്ന ഇസ്രായേൽ വിദേശകാര്യമന്ത്രി തുർക്കിയയിലെ എല്ലാ നയതന്ത്ര പ്രതിനിധികളോടും മടങ്ങാൻ നിർദേശിച്ചതായി അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം പുനഃപരിശോധിക്കുമെന്നും പറഞ്ഞു.
സമാന പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തെത്തി. ‘‘ഞങ്ങളിൽ യുദ്ധക്കുറ്റം ആരോപിക്കരുത്, ലോകത്തെ ഏറ്റവും ധാർമികതയുള്ള സൈന്യമാണ് ഞങ്ങൾ’’- എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
2010ൽ തങ്ങളുടെ പൗരന്മാരായ ഫലസ്തീൻ അനുകൂല സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ വധിച്ചതിനുപിന്നാലെ തുർക്കിയ നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു. 2016ൽ പുനഃസ്ഥാപിച്ചെങ്കിലും രണ്ടുവർഷം കഴിഞ്ഞ് വീണ്ടും പരസ്പരം പുറത്താക്കി. വീണ്ടും ഉഭയകക്ഷിബന്ധം സജീവമാകുന്നതിനിടെയായിരുന്നു പുതിയ സംഭവ വികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.