വെസ്റ്റ് ബാങ്ക്: അധിനിവേശ ഫലസ്തീനിൽ വീണ്ടും ഇസ്രായേൽ മനുഷ്യക്കുരുതി. വടക്കൻ വെസ്റ്റ് ബാങ്കിൽ കാറിനുനേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സംശയാസ്പദമായ രീതിയിൽ കണ്ട വാഹനത്തിൽ തീവ്രവാദ സംഘം ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
തിങ്കളാഴ്ച ഏഴുഫലസ്തീനികളെ കൊലപ്പെടുത്തിയ ജെനിൻ അഭയാർത്ഥി ക്യാമ്പിലാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണം നടന്നത്. അഭയാർഥി ക്യാമ്പിലെ ആക്രമണത്തിന് തിരിച്ചടിയായി അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പിൽ നാല് ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബ്ലൂസിന് 16 കിലോമീറ്റർ തെക്ക് ഏലിയിൽ പെട്രോൾ സ്റ്റേഷനിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. ഒരു തോക്കുധാരിയെ വെടിവെച്ചുകൊന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.
ഇതിനുപിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടുകളും കാറുകളും ഇസ്രായേലി അനധികൃത കുടിയേറ്റക്കാർ അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണ സംഭവങ്ങളുടെ തുടർച്ചയായാണ് കൂട്ടത്തോടെ ഇരച്ചെത്തിയ ഇസ്രായേലി സംഘം വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടത്. 30 വീടുകളും 60 കാറുകളും അക്രമികൾ തകർത്തു. 400ലധികം ജൂത കുടിയേറ്റക്കാർ നഗരത്തിൽ മാർച്ച് നടത്തി.
ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയും സൗദി അറേബ്യയും ശക്തമായി അപലപിച്ചിരുന്നു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നടപടികളെ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിനിരയായ വ്യക്തികളുടെ കുടുംബങ്ങളോടും ഫലസ്തീനിലെ സർക്കാരിനോടും ജനങ്ങളോടും രാജ്യം ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ഗുരുതരമായ നിയമ ലംഘനങ്ങളോടും മൃഗീയമായ അക്രമണങ്ങളോടും ശക്തിയായി പ്രതിഷേധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.