ജറൂസലം: മസ്ജിദുൽ അഖ്സയിൽ വ്യാഴാഴ്ചയും ഇസ്രായേൽ പൊലീസിന്റെ അതിക്രമം. മസ്ജിദിൽ പ്രാർഥിക്കുകയായിരുന്ന ഫലസ്തീനി വിശ്വാസികൾക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും റബർ പൊതിഞ്ഞ സ്റ്റീൽ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സായുധരായ പൊലീസുകൾ മസ്ജിദിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും വിശ്വാസികളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നാനൂറിലേറെ പേരെ അൽ അഖ്സ സമുച്ചയത്തിൽനിന്ന് പുറത്താക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയിലെ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ഫലസ്തീൻ അതോറിറ്റി അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത 450 ഫലസ്തീനികളിൽ 397 പേരെ വ്യാഴാഴ്ച വിട്ടയച്ചു. അൽ അഖ്സയിൽ ഒരാഴ്ച പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ഇവരെ വിട്ടയച്ചത്. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിൽനിന്നുള്ള 47 പേരെ ജയിലിലേക്ക് മാറ്റി. ജറുസലമിലെ ആറുപേരുടെ കസ്റ്റഡി നീട്ടി. സംഘർഷം സൃഷ്ടിക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർഥന അവഗണിച്ചാണ് ഇസ്രായേൽ മുസ്ലിം സമൂഹം റമദാൻ മാസം ആചരിക്കുകയും ജൂതസമൂഹം പെസഹ ആചരിക്കുകയും ചെയ്യുന്ന സമയത്ത് പ്രശ്നം സൃഷ്ടിക്കുന്നത്.
ബുധനാഴ്ചയും അൽ അഖ്സയിൽ പൊലീസ് കടന്നുകയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഇതിനുശേഷം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുപിറകെ ഇസ്രായേൽ നിരവധി തവണ വ്യോമാക്രമണം നടത്തി. ഫലസ്തീൻ യുവാക്കൾ പൊലീസിനുനേരെ പടക്കങ്ങൾ എറിഞ്ഞു.
സംഘർഷത്തിൽ പള്ളിയുടെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. റമദാനിൽ ഭജനയിരിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾ രാത്രിയിൽ പള്ളിയിൽ തങ്ങാറുണ്ട്. ഇവരെ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പള്ളിയിൽനിന്ന് പുറത്തുപോകാൻ ഇവർ വിസമ്മതിച്ചതോടെ പൊലീസ് കടന്നുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.