ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

ഗസ്സ സിറ്റി: ഈദ് ദിനത്തിൽ ഗസ്സയിലെ അഭയാർഥി ക്യാമ്പ് മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. 


തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മാഈൽ ഹനിയ്യ അൽ ജസീറയോട് സ്ഥിരീകരിച്ചു. 'രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നൽകും' -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. 

ഹസിം ഹനിയ്യ, മകൾ അമൽ, ആമിർ ഹനിയ്യ, മകൻ ഖാലിദ്, മകൾ റസാൻ, മുഹമ്മദ് ഹനിയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ നേരത്തെ ഇസ്മാഈൽ ഹനിയ്യയുടെ 60ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.  


ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഇസ്മാഈൽ ഹനിയ്യ, ബന്ധുക്കളെയും വീടുകളെയും ഇസ്രായേൽ ലക്ഷ്യംവെച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും പറഞ്ഞു. 

വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്‍റെ നിർദേശം സമർപ്പിക്കുന്നതിന് മുമ്പ് തന്‍റെ മക്കളെ ലക്ഷ്യമിട്ടത് വഴി ഹമാസിന്‍റെ നിലപാടുകളിൽ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേൽ കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയുള്ളതല്ല എന്‍റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്‍റെ മക്കളാണ് -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. 

Tags:    
News Summary - Israeli air attack kills 3 children, 3 grandchildren of Hamas leader Haniyeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.