വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിനു സമീപം ഇരിക്കുന്ന ഫലസ്തീനികൾ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം

ഗസ്സ: ലോകരാജ്യങ്ങളുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷമാകുന്നു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തിൽ 75 പേർക്കും മറ്റ് പലയിടത്തുമായി 20 പേർക്കും വ്യാഴാഴ്ച ജീവൻ നഷ്ടമായി. ഇതിൽ 16 പേർ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിലാണ്. കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു. നിരവധി ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു.

തെക്കൻ ലബനാനിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽനിന്ന് ആളുകൾ മാറിപ്പോകണമെന്ന് ഇസ്രേയേൽ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകർക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മർദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത.

നിസ്സഹായരായ ജനങ്ങൾക്ക് മേൽ ബോംബ് വർഷിക്കുന്നതിന് പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ഒരുനിലക്കും ജീവിക്കാൻ അനുവദിക്കില്ലെന്ന ക്രൂര നിലപാടിലാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിലേക്ക് ആളുകൾ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താൽക്കാലിക വെടിനിർത്തലിനില്ലെന്ന് ഹമാസ് ആവർത്തിച്ചു.

ഗസ്സയിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് താഹിർ നുനു പറഞ്ഞു. ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാൽ താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്നും പൂർണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുന്നു.

Tags:    
News Summary - Israeli attacks kill 95 in Gaza, 6 medics among 45 killed in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.