വെസ്റ്റ്ബാങ്ക്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ തുടരവെ വെസ്റ്റ്ബാങ്കിൽ നരനായാട്ട് തുടർന്ന് ഇസ്രായേൽ സേന. വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലേക്ക് ഇരച്ചുകയറിയ സേന അഭയാർഥി ക്യാമ്പിൽ രണ്ട് ഫലസ്തീൻ കുട്ടികളെ വെടിവെച്ചുകൊന്നു. ആദം സമർ അൽ ഗൗൽ എന്ന എട്ടുവയസ്സുകാരനെ തലയ്ക്ക് വെടിവെച്ചും ബാസിൽ സുലൈമാൻ അബു അൽ വഫ എന്ന 15കാരനെ നെഞ്ചിൽ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി വീടുകൾ ബുൾഡോസർകൊണ്ട് നശിപ്പിക്കുകയും ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. റോഡുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി ഫലസ്തീൻ വാർത്ത ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു.
ഖലീൽ സുലൈമാൻ ആശുപത്രി വളഞ്ഞ ഇസ്രായേൽ അധിനിവേശ സേന പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് ഇന്റർനാഷനൽ ഡയറക്ടർ ക്രിസ്റ്റോസ് ക്രിസ്റ്റോ പറഞ്ഞു.
ജെനിൻ സർക്കാർ ആശുപത്രിയുടെ പ്രവേശന കവാടം ഇസ്രായേൽ സൈന്യം 40 മിനിറ്റോളം ഉപരോധിച്ചു. കാലിൽ വെടിയേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
ഗസ്സയിൽനിന്ന് ഹമാസ് ആക്രമണം ആരംഭിച്ചതുമുതൽ ഐ.ഡി.എഫുമായി തുടർച്ചയായ ഏറ്റുമുട്ടലാണ് ജെനിൻ പ്രദേശത്ത് നടക്കുന്നത്. ഈ മാസമാദ്യം നടന്ന ഏറ്റുമുട്ടലിൽ 14 പേരും ഈയാഴ്ച അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.