നെതന്യാഹു മന്ത്രിസഭയിൽ പൊട്ടിത്തെറി; ബെന്നി ഗാന്റ്സ് രാജിവെച്ചു

തെൽഅവീവ്: ബിന്യമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്റ്സ് രാജിവെച്ചു. ഗസ്സയിൽ ഇസ്രായേൽ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്സ് രാജിവെച്ചത്. രാജിവെച്ച ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.

യഥാർഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സർക്കാരിൽ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്സ് ആവശ്യപ്പെട്ടു.

പ്രതിഷേധം പ്രധാനമാണെന്നും എന്നാൽ അവ നിയമപരമായ രീതിയിൽ വേണമെന്നും ഗാന്‍റ്സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികൾ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കൾ അതിർത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാർഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്സ് വ്യക്തമാക്കി.

മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്‍റസ് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്​ട്രീയ എതിരാളിയായ ബെന്നി ഗാന്‍റ്​സുമായി ചേർന്ന്​ നെതന്യാഹു​ സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു.

തുടർന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിൽ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്‍റസിന്‍റെ ആവശ്യം നെതന്യാഹു​ നിരസിക്കുകയായിരുന്നു. 

Tags:    
News Summary - Israeli minister Benny Gantz quits Netanyahu's war cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.