അങ്കാറ: ഗസ്സക്കുമേൽ നടത്തുന്ന ക്രമരഹിതവും അധാർമികവുമായ ആക്രമണങ്ങൾ ഇസ്രായേലിനെ ലോകദൃഷ്ടിയിൽ അപ്രതീക്ഷിതവും അക്ഷന്തവ്യവുമായ ഇടത്തിലെത്തിക്കുമെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാന്റെ മുന്നറിയിപ്പ്. ആൾപാർപ്പുള്ള താമസസ്ഥലങ്ങളിൽ ബോംബിടുക, മനഃപൂർവം സിവിലിയന്മാരെ വധിക്കുക, മേഖലയിലേക്ക് ജീവകാരുണ്യസഹായങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ തടയുക തുടങ്ങിയ രീതികൾ ഒരു ഭീകരസംഘടനയുടെ സ്വഭാവമാണ്. അതൊരു രാജ്യത്തിനു ചേർന്നതല്ല. ഒരു രാജ്യമാണെന്നതു മറന്ന് ഒരു സംഘടനയായി പ്രവർത്തിക്കാനാണ് ഇസ്രായേൽ തീരുമാനിക്കുന്നതെങ്കിൽ ഒടുവിൽ അത്തരമൊരു പരിണതിയെ തന്നെ നേരിടേണ്ടിവരും-തലസ്ഥാനത്ത് ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ യോഗത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകി. സംഘർഷത്തിൽ നാണംകെട്ട രീതികൾ സ്വീകരിക്കുന്നതിനെ യുദ്ധമായി കാണാനാവില്ല. അതു കൂട്ടക്കൊലയാണ്. ഇസ്രായേലിൽ സിവിലിയന്മാരെ കൊല്ലുന്നതിനെയും തുർക്കിയ തുറന്നെതിർക്കുന്നു. അതുപോലെ ഗസ്സയിൽ തുടർച്ചയായി ബോംബുകൾ ചൊരിഞ്ഞ് നിരപരാധികളെ വിവേചനമില്ലാതെ കൂട്ടക്കൊല നടത്തുന്നതും അംഗീകരിക്കാനാവില്ല.
മേഖലയിൽ സ്വാധീനമുള്ളവരുടെ പ്രകോപന സമീപനത്തിൽ ദുഃഖമുണ്ട്. അടങ്ങി നിൽക്കുന്നതിനു പകരം അവർ തീയിൽ എണ്ണയൊഴിക്കുകയാണ്. അമേരിക്കയും യൂറോപ്പും മറ്റു രാഷ്ട്രങ്ങളും ഇരുകക്ഷികൾക്കിടയിൽ നീതിപൂർവകവും മാനുഷികവുമായ സന്തുലിതത്വം പാലിക്കണം. സഹായങ്ങൾ തടഞ്ഞ് ഫലസ്തീൻ ജനതയെ കൂട്ടശിക്ഷക്ക് വിധേയമാക്കുന്ന ആവേശം മൂത്ത തീരുമാനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. കുട്ടികളും സിവിലിയന്മാരും നിരപരാധികളും ഇനിയും മരിച്ചുവീഴരുത്. ഗസ്സയിലോ ഇസ്രായേലിലോ സിറിയയിലോ യുക്രെയ്നിലോ കൂടുതൽ രക്തച്ചൊരിച്ചിൽ അരുത്- ഉർദുഗാൻ അഭ്യർഥിച്ചു.
ഇരുരാഷ്ട്ര അസ്തിത്വം അംഗീകരിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏകമാർഗം. യു.എൻ പ്രമേയങ്ങളുടെ നിയമപ്രാബല്യത്തിൽ 1967 ലെ അതിരുകളിൽ ഭൂമിശാസ്ത്രപരമായ അഖണ്ഡതയോടെ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നാലേ മേഖലയിൽ ശാശ്വതസമാധാനവും ശാന്തിയും കൈവരികയുള്ളൂ എന്നു അടിവരയിട്ട് പറയുന്നു. കിഴക്കൻ ജറൂസലം തലസ്ഥാനമായി വരുന്ന ആ രാഷ്ട്രത്തെ മുഴുലോകവും അംഗീകരിക്കണം. ഇതല്ലാത്ത മറ്റേതു അമിതാവേശ പ്രകടനവും കൂടുതൽ നശീകരണത്തിനും കണ്ണീരിനും ജീവനാശത്തിനും മാത്രമെ വഴിതുറക്കൂ.
ഇസ്രായേലിന് രാഷ്ട്രമെന്ന നിലക്കുള്ള അസ്തിത്വവും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്താൻ അതുമാത്രമാണ് വഴി. ഇല്ലെങ്കിൽ കഴിഞ്ഞ ശനിയാഴ്ച നടന്നത് അവസാനത്തേതായിരിക്കില്ല. കൂടുതൽ ഭീകരമായ ദുരന്തങ്ങൾ ഒഴിവാക്കാനാവാതെ വരും-ഉർദുഗാൻ ഓർമിപ്പിച്ചു. മൂന്നു മതങ്ങളുടെ വിശുദ്ധസ്ഥാനങ്ങളുടെ സമുച്ചയമായ അൽഅഖ്സ പള്ളിയടങ്ങുന്ന ജറൂസലമിന്റെ പവിത്രതയെ മാനിക്കാത്ത ഒരു നിലപാടും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേലോ ഫലസ്തീനോ മേഖലയിലെ മറ്റു രാജ്യങ്ങളോ ‘ദൂഷിതവലയ’ത്തിൽ പെട്ടുപോകുന്നത് തുർക്കിയ ഇഷ്ടപ്പെടുന്നില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.