ഇസ്രായേലിലെ ജനങ്ങൾ പോലും ഇനി നെതന്യാഹുവിനെ പിന്തുണക്കില്ല -ഉർദുഗാൻ

ഇസ്താംബുൾ: ഗസ്സയിൽ നടത്തിയ അതിക്രമങ്ങളിൽ ​ബിന്യമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ ജനത പോലും ഇനി നെതന്യാഹുവിനെ പിന്തുണക്കില്ലെന്ന് ഉർദുഗാൻ പറഞ്ഞു. അൽജീരിയ-തുർക്കിയ ബിസിനസ് ഫോറം യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങൾ ഒരിക്കൽ കൂടി അവരുടേയും അവരെ പിന്തുണക്കുന്നവരുടേയും യഥാർഥ മുഖം പുറത്തേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഇസ്രായേൽ ഭരണാധികാരികൾ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടപടികളില്ലാതെ അവസാനിക്കരുതെന്നും ഉർദുഗാൻ പറഞ്ഞു.

ഇസ്രായേൽ നയങ്ങളെ അംഗീകരിക്കാൻ ഒരിക്കലും ഞങ്ങൾക്കാവില്ല. തുടർച്ചയായി അധിനിവേശം ചെയ്തും ഭൂമി പിടിച്ചെടുത്തും അടിച്ചമർത്തപ്പെട്ടവരെ കൂട്ടക്കൊല ചെയ്തും ഗസ്സയെ ജനവാസമില്ലാത്ത സ്ഥലമാക്കി മാറ്റുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി.

ഇസ്രായേൽ-ഹമാസ് സംഘർഷം യുദ്ധത്തിനും അപ്പുറത്തേക്ക് പോയെന്ന് ​ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. യുദ്ധത്തിനും അപ്പുറത്തേക്ക് ഇതൊരു തീവ്രവാദപ്രവർത്തനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ 14,100 ഫലസ്തീനികൾ കൊല്ല​പ്പെടുകയും ഇസ്രായേലിൽ 1200 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരുടെ ബന്ധുക്കളുമായും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ബന്ധുക്കളുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരു പക്ഷവും സംഘർഷം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇവിടെ നമ്മൾ യുദ്ധങ്ങൾക്കപ്പുറത്തേക്ക് പോയി. ഇത് യുദ്ധമല്ല, തീവ്രവാദമാണ്. ഇരു വിഭാഗങ്ങൾക്കുമായും എല്ലാവരും പ്രാർഥിക്കണം. എല്ലാവരേയും കൊല്ലണമെന്ന വികാരവുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - ‘Israelis no longer support Netanyahu’: Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.