വാഷിങ്ടൺ: ഇസ്രായേലിനോട് എന്നും ഏതുരീതിയിലും കൂടെ നിന്നതാണ് അമേരിക്കയുടെ ചരിത്രമെങ്കിലും ഒരു മാസം പിന്നിട്ട ഇസ്രായേൽ ആക്രമണ വിഷയത്തിൽ യു.എസിലെ ജനത രണ്ടു തട്ടിലാണെന്ന് അസോസിയേറ്റഡ് പ്രസ്- എൻ.ഒ.ആർ.സി സർവേ. നവംബർ രണ്ടിനും ആറിനുമിടയിൽ നടന്ന സർവേയിൽ ഡെമോക്രാറ്റുകൾക്കിടയിൽ പോലും കടുത്ത ഭിന്നത നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.
ഹമാസിനെതിരെ പൊരുതാൻ ഇനിയും ഇസ്രായേലിന് ആയുധം നൽകണമെന്ന് 36 ശതമാനം പേരാണ് അഭിപ്രായമുള്ളത്. 40 ശതമാനം പേരും ഗസ്സയിൽ ഇസ്രായേൽ അതിരുവിട്ടതായി അഭിപ്രായമുള്ളവരാണ്. അതിൽ ഡെമോക്രാറ്റുകൾ മാത്രമാകുമ്പോൾ 58 ശതമാനവും ഇസ്രായേലിനെതിരാണ്. ഇസ്രായേൽ നടത്തുന്ന ആക്രമണം പൂർണമായും ശരിവെക്കുന്നത് 18 ശതമാനം മാത്രം.
10ൽ ആറുപേരും ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിന് യു.എസ് നടപടി സ്വീകരിക്കണമെന്ന പക്ഷമുള്ളവരാണ്. എന്നാൽ, പകുതി പേരും ഫലസ്തീനി സിവിലിയന്മാരുടെ സംരക്ഷണവും ഗസ്സയിൽ മാനുഷിക സഹായവും ആവശ്യപ്പെടുന്നവർ കൂടിയാണ്. അതേ സമയം, ഇസ്രായേൽ- ഹമാസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏകദേശം മൂന്നിൽ രണ്ടുപേരും (63 ശതമാനം) ബൈഡൻ പരാജയമാണെന്നു പറയുന്നു.
പ്രസിഡന്റ് പദവിയിലുമുണ്ട് സമാനമായ എതിർപ്പ്- 60 ശതമാനവും ബൈഡൻ പോരെന്നു പറയുന്നവരാണ്. ഗസ്സയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ ആരെന്ന ചോദ്യത്തിന് 66 ശതമാനം പേരും ഹമാസിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പേൾ 35 ശതമാനം പേർ ഇസ്രായേലിനെ പഴിക്കുന്നു. രാജ്യത്ത് ജൂതർക്കെതിരെ സെമിറ്റിക് വിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്ന് പറയുന്നവർ 52 ശതമാനം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.