ടെൽ അവീവ്: ഒരു വ്യാഴവട്ടക്കാലം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേലിൽ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റേക്കും. ഇന്ന് ചേരുന്ന അടിയന്തര 'കനീസത്' യോഗത്തിൽ നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പ് തേടും. കേവല ഭൂരിപക്ഷം നേടാനായാൽ 12 വർഷമായി അധികാരത്തിൽ കടിച്ചുതൂങ്ങുന്ന പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിന് പുറത്തേക്ക് വഴിയൊരുങ്ങും. ആർക്കും ഭൂരിപക്ഷം നേടാനായില്ലെങ്കിൽ രണ്ടു വർഷത്തിനിടെ ഇസ്രായേൽ അഞ്ചാം പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്കും നീങ്ങും.
തീവ്ര വലതു നേതാവായ നാഫ്റ്റലി ബെനറ്റും യായർ ലാപിഡും തമ്മിലെ അധികാര വിഭജന കരാർ പ്രകാരം ആദ്യ ഊഴം ബെനറ്റിനാകും. 2023 സെപ്റ്റംബർ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വർഷം ലാപിഡ് ഭരിക്കും.
ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാല പ്രധാനമന്ത്രിയായ നെതന്യാഹു അധികാരമൊഴിയുന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡിന്‍റെ നേതാവെന്ന നിലക്ക് പ്രതിപക്ഷ നേതൃപദവിയിലേക്ക് മാറും. 'വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാൻ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടു'മെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
അതേ സമയം നിരവധി അഴിമതി, കൈക്കൂലി കേസുകളിൽ പ്രതിേചർക്കപ്പെട്ട നെതന്യാഹു അധികാരം നഷ്ടമാകുന്നതോടെ ജയിലഴികൾ എണ്ണേണ്ടിവരുമെന്ന് ഇസ്രായേലി പത്രങ്ങൾ പറയുന്നു. പ്രധാനമന്ത്രി പദം കൈയാളുന്നുവെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് വർഷങ്ങളായി അതിൽനിന്ന് രക്ഷപ്പെട്ടുവന്നത്. ഇനി പക്ഷേ, അത് നഷ്ടമാകുന്നതോടെ കോടതി കയറേണ്ടിവരും.
2019നു ശേഷം നാലുവട്ടം തെരഞ്ഞെടുപ്പ് നടന്നിട്ടും ഇതുവരെ കേവല ഭൂരിപക്ഷം നേടാൻ നെതന്യാഹുവിനായിട്ടില്ല. വിവിധ കക്ഷികളുമായി ചേർന്ന് അധികാരം പങ്കിട്ടുവന്ന രണ്ടു വർഷത്തിനൊടുവിൽ ഇത്തവണ അതും നടപ്പാകാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതിദിന്‍റെ യായർ ലാപിഡിനെ മന്ത്രിസഭയുണ്ടാക്കാൻ പ്രസിഡന്‍റ് ക്ഷണിക്കുകയായിരുന്നു.
പുതുമകളേറെ, അതിജീവിക്കുമോ ബെനറ്റ് മന്ത്രിസഭ
ഇസ്രായേലിന്‍റെ 73 വർഷ ചരിത്രത്തിൽ ആദ്യമായാണ് അറബ് കക്ഷി കൂടി ഒരു മന്ത്രിസഭയിൽ പങ്കാളിയാകുന്നത്. നാല് അംഗങ്ങളുള്ള 'റാം' ആണ് കക്ഷി. 17 അംഗങ്ങളുള്ള യെഷ് അതിദ്, എട്ടു പേരുള്ള ബ്ലൂ ആന്‍റ് വൈറ്റ്, ഏഴുപേരുമായി യിസ്റയേൽ ബെയ്തയ്നു, ലേബർ, ആറു അംഗങ്ങളുള്ള യമീന, ന്യൂ ഹോപ്, മെററ്റ്സ് എന്നിവരടങ്ങിയ എട്ടുകക്ഷി സഖ്യമാണ് ഭരണമേറുന്നത്. പ്രതിപക്ഷത്ത് 59 അംഗങ്ങളുമുണ്ട്.
അറബ് കക്ഷി കൂടി ഭാഗമാകുന്ന മന്ത്രിസഭയിൽ ഫലസ്തീനി വിഷയങ്ങൾ വരുന്നതോടെ ഭിന്നതക്ക് സാധ്യതയേറെയാണെന്നതിനാൽ മന്ത്രിസഭ എത്രനാൾ അതിജീവിക്കുമെന്നാണ് വലിയ ചോദ്യം. യമീന, ന്യൂ ഹോപ് തുടങ്ങിയ കക്ഷികൾ ജൂത കുടിയേറ്റത്തെ പിന്തുണക്കുേമ്പാൾ ജനസംഖ്യയുടെ 21 ശതമാനം വരുന്ന അറബികളുടെ പ്രതിനിധികളായ 'റാം' ഒരിക്കലും കൂടെനിൽക്കില്ലെന്നുറപ്പാണ്.
'ബൈ ബൈ ബീബി'
ആഗോള മാധ്യമങ്ങൾക്ക് മുന്നിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഇസ്രായേലിന്‍റെ മുഖമായ നെതന്യാഹു ഒരിക്കലും ഇഷ്ടപ്പെടാതെയാണ് പടിയിറങ്ങേണ്ടിവരുന്നത്. 1996-99 കാലയളവിൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രിയായ നെതന്യാഹു പിന്നീട് 2009 മുതൽ തുടർച്ചയായി ആ പദവിയിൽ തുടരുകയാണ്. കടുത്ത അറബ് വിരുദ്ധതയും വിഭാഗീയതയുമായി അധികാരം നിലനിർത്തിയ 'ബിബി' അതിനായി വളർത്തിയ തീവ്ര ജൂത ദേശീയത നിയന്ത്രിക്കാനാവാത്തവിധം അപകടമകരമായി വളരുന്നതാണ് നിലവിലെ കാഴ്ച. കടുത്ത വംശീയ വാദികൾ ഇഷ്ടത്തോടെ ഒപ്പംനിർത്തുന്ന നെതന്യാഹുവിന് ശരാശരി ഇസ്രായേലിയുടെ പിന്തുണ പോലും ഉറപ്പിക്കാനാകാതെ വന്നതോടെയാണ് അധികാരത്തിന് പുറത്തേക്ക് വഴി തുറക്കുന്നത്. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി പരമാവധി ഹിംസയെ പ്രോൽസാഹിപ്പിക്കുന്ന രീതിയായതിനാൽ 'ക്രൈം മിനിസ്റ്റർ' എന്നുവരെ സഹകക്ഷികൾ വിളിക്കുന്നു.
ബിബിക്ക് പുറത്തേക്ക് വഴി തുറന്നതോടെ ജറൂസലമിൽ ഔദ്യോഗിക വസതിക്ക് പുറത്ത് 2,000 ലേറെ പേർ പുറത്താകൽ ആഘോഷമാക്കാൻ തടിച്ചുകൂടിയത് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.