ഇസ്രായേലിലെ തെൽഅവീവിൽ ആക്രമണം; ഇറ്റാലിയൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു

തെൽഅവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ നടന്ന ആക്രമണത്തിൽ ഇറ്റാലിയൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. തെൽഅവീവിലെ ചാൾസ് ക്ലോർ പാർക്കിലാണ് സംഭവം. ജനക്കൂട്ടത്തിന് നേരെ കാർ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

തെൽഅവീവിൽ നടന്നത് ഭീകരാക്രമണമാണെന്നും ഹമാസ് ചാവേറാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ അറിയിച്ചു.

അതേസമയം, മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പൊലീസിന്റെ അതിക്രമത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുകയാണ്. തെക്കൻ ലെബനാനിലും ഗസ്സയിലും വെള്ളിയാഴ്ച പുലർച്ച ഇസ്രായേൽ വ്യോമാക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ ജൂത കുടിയേറ്റക്കാരായ രണ്ടു യുവതികൾ കൊല്ലപ്പെട്ടു. ഒരു സ്ത്രീക്ക് പരിക്കേറ്റു. തോക്കുധാരികൾ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ലബനാനിലും ഗസ്സയിലും ഇസ്രായേൽ മിസൈൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവർ സഹോദരിമാരാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2006ൽ ലബനാനിലെ ഹിസ്ബുല്ലയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രായേൽ കനത്ത തോതിൽ വ്യോമാക്രമണം നടത്തുന്നത്.

അൽ അഖ്സ മസ്ജിദിൽ പ്രാർഥിക്കുകയായിരുന്ന ഫലസ്തീൻ വിശ്വാസികൾക്കു നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ ലബനാനിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി തവണ റോക്കറ്റാക്രമണമുണ്ടാവുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് ഇസ്രായേലിന്റെ തിരിച്ചടിയായാണ് ലബനാനിലെ വ്യോമാക്രമണം വിലയിരുത്തപ്പെടുന്നത്.

ഹമാസിനെയും തെക്കൻ ലബനാനിലെ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. തെക്കൻ ലബനാനിലെ ടൈർ നഗരത്തിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ നിരവധി തവണ ഇസ്രായേൽ മിസൈൽ ആക്രമണമുണ്ടായെന്ന് അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ പറഞ്ഞു. മറ്റൊരാക്രമണത്തിൽ മാലിയ നഗരത്തിന് സമീപത്തെ ചെറിയ പാലവും ട്രാൻസ്ഫോർമറും തകർന്നു.

അൽഅഖ്സയിൽ ബുധനാഴ്ച പൊലീസ് കടന്നു കയറിയതിന് പിറകെ വ്യാഴാഴ്ച ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ നിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായിരുന്നു. ജൂതന്മാരുടെ ആഘോഷവും റമദാനും പുരോഗമിക്കുന്നതിനിടയിലാണ് സംഘർഷം.

Tags:    
News Summary - Israel's Tel Aviv attacker shot dead by officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.