ടോക്യോ: ജപ്പാനിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരക്കണക്കിന് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ബോട്ടുകൾക്കും നാശനഷ്ടമുണ്ടായി. വരും ദിവസങ്ങളിൽ കൂടുതൽ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ വീടുകളിൽനിന്ന് മാറിനിൽക്കണമെന്ന് ചില മേഖലകളിലെ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മധ്യ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷികാവയിൽ പ്രാദേശിക സമയം വൈകിട്ട് നാലുമണിയോടെയാണ് 7.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. പിന്നാലെ നിരവധി ചെറുചലനങ്ങളുമുണ്ടായി. ഒരാഴ്ചയോളം തുടർചലനങ്ങളുണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി പുരോഗമിക്കുകയാണ്. 1000ഓളം രക്ഷാപ്രവർത്തകരാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. ഭവനരഹിതരായവർക്ക് സൈന്യം ഭക്ഷണവും വെള്ളവും പുതപ്പുകളും എത്തിക്കുന്നുണ്ട്.
ഭൂകമ്പത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ജപ്പാന് എന്ത് സഹായവും നൽകാൻ സന്നദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സൈന്യത്തിന് നിർദേശം നൽകി. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.