ഭൂകമ്പത്തിൽ നിന്ന് രക്ഷതേടി കെട്ടിടങ്ങൾക്ക് പുറത്ത് ഇരിക്കുന്നവർ

കുലുങ്ങിവിറച്ച് കെട്ടിടങ്ങളും വാഹനങ്ങളും, ഭയന്ന് പുറത്തേക്കോടി ജനങ്ങൾ, -ജപ്പാൻ ഭൂകമ്പത്തിന്‍റെ ദൃശ്യങ്ങൾ

പ്പാനിലെ ഹോൻഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷികാവയിൽ പ്രാദേശിക സമയം വൈകീട്ട് 4.05 വരെ കാര്യങ്ങളെല്ലാം ശാന്തമായിരുന്നു. എന്നാൽ, മിനിറ്റുകൾ കൊണ്ടാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ദ്വീപിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് 4.06ന് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടു. കെട്ടിടങ്ങളും വാഹനങ്ങളും കുലുങ്ങിവിറച്ചു. ജനങ്ങൾ ഭയചകിതരായി പുറത്തേക്കോടി. ഭൂകമ്പ മുന്നറിയിപ്പുമായി മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങളെത്തി.


സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്നതിനും മുമ്പേ, നാല് മിനിറ്റിന് ശേഷം കൂടുതൽ ശക്തമായി അടുത്ത ഭൂകമ്പമുണ്ടായി. ആദ്യത്തെ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.7 ആണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാമത്തേത് അതിലുമേറെ ശക്തമായിരുന്നു -7.6. എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയിൽ മറ്റൊന്ന്. 4.23നും 4.29നും ഭൂചലനമുണ്ടായി. ഒന്നിനുപിറകെ ഒന്നായി ഭൂമി നടുങ്ങിവിറച്ചപ്പോൾ ജനങ്ങൾ പ്രാണരക്ഷാർഥം തുറസ്സായ മേഖലകളിലേക്കോടി.


ഭൂകമ്പത്തിന് പിന്നാലെ മേഖലയിൽ സൂനാമി മുന്നറിയിപ്പും വന്നു. നിരവധി സൂനാമികളുടെ നടുക്കുന്ന ഓർമകളുള്ള ജനതയാണ് ജപ്പാനിലേത്. മുന്നറിയിപ്പ് വന്നതോടെ ജനങ്ങൾ ഉയർന്ന മേഖലയിലേക്കും വലിയ കെട്ടിടങ്ങളുടെ മുകളിലേക്കും കുതിച്ചു. നദികളിൽ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായി. ഭൂകമ്പത്തിന്‍റെ സമയത്ത് നദിയിൽ വൻ തിരമാല പോലെ വെള്ളം തിരയടിക്കുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്.


21 തുടർചലനങ്ങൾ മേഖലയിലുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇഷികാവ, നിഗാട്ട, ടൊയാമ പ്രവിശ്യകളിലാകെ സൂനാമി മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കനത്ത തിരമാലകളുയർന്നു. ഉത്തരകൊറിയൻ, ദക്ഷിണകൊറിയൻ തീരങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ടായി.


നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഭൂകമ്പത്തിൽ തകർന്നത്. റോഡുകൾ വിണ്ടുകീറി. മരങ്ങൾ കടപുഴകി. ചില കെട്ടിടങ്ങളിൽ തീപ്പിടുത്തമുണ്ടായതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ഇഷികാവയിലെ അതിവേഗ റെയിൽസർവിസ് പൂർണമായും തടസ്സപ്പെട്ടു. പലയിടത്തും ടെലഫോൺ, ഇന്‍റർനെറ്റ് സർവിസുകൾ തടസ്സപ്പെട്ടു. മേഖലയിലേക്കുള്ള വിമാനങ്ങൾ ചിലത് വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കി.


വരുംദിവസങ്ങളിലും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരാഴ്ചക്കിടെ ഏഴ് വരെ തീവ്രതയുള്ള ഭൂചലനത്തിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. രണ്ട് മൂന്ന് ദിവസങ്ങൾ ജനങ്ങൾ അതീവ ജാഗ്രതയോടെ കഴിയണമെന്ന് മുന്നറിയിപ്പുണ്ട്. 


Tags:    
News Summary - Japan hit by series of earthquakes, sees 5-foot tsunami waves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.