ടോകിയോ: ജപ്പാനിലെ അറിയപ്പെട്ട യാകുസ മാഫിയ സംഘങ്ങളിലൊന്നായ 'കുഡോ-കായ്' തലവന് വധശിക്ഷ വിധിച്ച് കോടതി. ഒരാളെ വധിക്കാനും മൂന്നു പേർക്കെതിരെ ആക്രമണത്തിനും ഉത്തരവിട്ടതിന് 74കാരനായ സടോറു നോമുറക്കാണ് ശിക്ഷ.
തെരുവുകളിൽ ക്രമസമാധാനം നിലനിർത്തുന്നവരെന്ന പേരിൽ ജപ്പാനിൽ ഏറെയായി നിലനിൽക്കുന്ന മാഫിയ സംഘങ്ങളാണ് യാകുസകൾ. യുദ്ധാനന്തര ജപ്പാനിലെ അനിശ്ചിതത്വം മുതലെടുത്ത് വളർന്ന മാഫിയ സംഘങ്ങൾ മയക്കുമരുന്നും, ൈലംഗിക വ്യാപാരവും മുതൽ സുരക്ഷയൊരുക്കൽ സംഘങ്ങൾ വരെയായി വിവിധ മേഖലകളിൽ സജീവമാണ്. ശതകോടികളാണ് മിക്ക സംഘങ്ങളുടെയും ആസ്തി. ഇവരിലൊരു വിഭാഗത്തിന്‍റെ തലവനാണ് കോടതി ശിക്ഷ വിധിക്കുന്നത്.
മതിയായ തെളിവുകൾ പൂർത്തിയാക്കാനാകാതെയാണ് ശിക്ഷ വിധിച്ചതെന്ന് ജപ്പാൻ മാധ്യമങ്ങൾ പറയുന്നു. 'മാന്യമായ തീരുമാനം ഞാൻ ആവശ്യപ്പെട്ടു... ഇതിന് പിൽക്കാല ജീവിതത്തിൽ നിങ്ങൾ ഖേദിക്കും''- വിധി കേട്ട നോമുറ ജഡ്ജിയോടു പറഞ്ഞു.
അടുത്തിടെയായി മാഫിയ സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കിയ ജപ്പാനിൽ യാകുസ അംഗത്വം ശുഷ്കമായി വരുന്നതിനിടെയാണ് കടുത്ത ശിക്ഷ.
1998ൽ ഫിഷറീസ് സഹകരണ സ്ഥാപനം മുൻ മേധാവിയെ വധിക്കാൻ ഉത്തരവിട്ട കേസിലാണ് വൈകിയാണെങ്കിലും നടപടി. 2014ൽ കൊലപാതക കുറ്റത്തിൽ ഇരയുടെ ബന്ധുവിനു നേരെ ആക്രമണം, 2012ൽ നോമുറയുടെ മാഫിയ സംഘത്തിനെതിരെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനു നേരെ വെടിവെപ്പ്, 2013ൽ േനാമുറ ചികിത്സ തേടിയ ക്ലിനിക്കിലെ നഴ്സിനു നേരെ ആക്രമണം എന്നീ കേസുകളിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.