കൈറോ(ഈജിപ്ത്):അറബ് വസന്തത്തിന്റെ തുടർച്ചയായി ഈജിപ്തിൽ പ്രസിഡൻറ് ഹുസ്നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന് പത്ത് വർഷം. 2011 ജനുവരി 25നാണ് ഈജിപ്തിൽ വിപ്ലവത്തിന് തടക്കം കുറിക്കുന്നത്. 30 വർഷം നീണ്ട ഹുസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് വഴിതെളിച്ചു. ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായി മുഹമ്മദ് മുർസി അധികാരത്തിലേറിയെങ്കിലും ഏറെ കഴിയുംമുമ്പ് ഭരണം അട്ടിമറിക്കപ്പെട്ടു.
24 വർഷം തുനീഷ്യയെ അടക്കിഭരിച്ച ഏകാധിപതി സൈനുൽ ആബ്ദീൻ ബിൻ അലിയെ വലിച്ച് താഴെയിറക്കിക്കൊണ്ടാണ് മുല്ലപ്പൂ വിപ്ലവം അറബ് ലോകത്ത് ആഞ്ഞുവീശുന്നത്. പിന്നീട് അതിെൻറ അലയൊലികൾ പല രാജ്യങ്ങളുടെയും സിംഹാസനങ്ങളെ വിറപ്പിച്ചു. 2011 ജനുവരിയിലാണ് ബിൻ അലിയെ സ്ഥാനഭ്രഷ്ടനാക്കുന്നത്. തുടർന്ന് 35 വർഷത്തെ തടവിന് വിധിക്കപ്പെട്ട ബിൻ അലി സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് ബൂ അസീസ് എന്ന തെരുവ് കച്ചവടക്കാരനായ ചെറുപ്പക്കാരൻ 2010 ഡിസംബർ അവസാനം ദേഹത്ത് തീകൊളുത്തിയതിനെ തുടർന്നാണ് തുനീഷ്യയിൽ പ്രക്ഷോഭം ആളിക്കത്തുന്നത്.
ബിൻ അലിയുടെ ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ, പ്രത്യേകിച്ചും ചെറുപ്പക്കാർ കൂട്ടത്തോടെ തെരുവിലിറങ്ങി. തൊട്ടടുത്ത ദിവസംതന്നെ ബിൻ അലിക്ക് അധികാരവും രാജ്യംതന്നെയും വിടേണ്ടിവന്നു. തുനീഷ്യയെ കൂടാതെ ഈജിപ്ത്, യമൻ, ലിബിയ, സിറിയ, സൗദി അറേബ്യ, ജോർഡൻ, ബഹ്ൈറൻ, സുഡാൻ എന്നീ രാജ്യങ്ങളിലും പ്രക്ഷോഭക്കൊടുങ്കാറ്റ് ആഞ്ഞുവീശി. ലിബിയയിലാണ് ഏറ്റവും രക്തരൂഷിത സംഭവങ്ങൾ അരങ്ങേറിയത്. പ്രക്ഷോഭകർക്ക് വഴങ്ങാതിരുന്ന കേണൽ ഗദ്ദാഫിയുടെ കടുംപിടിത്തം ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടുത്തി.
ഏറ്റവും ദാരുണമായ മരണമാണ് ഗദ്ദാഫിക്കുണ്ടായത്. അനുകൂലികൾ പിന്നീട് സ്മാരകം പണിയാൻ സാധ്യതയുള്ളതിനാൽ മരുഭൂമിയിലെ ഏതോ അജ്ഞാത സ്ഥലത്താണ് കൊല്ലപ്പെട്ട ഗദ്ദാഫിയുടെയും കുടുംബത്തിെൻറയും മൃതദേഹങ്ങൾ അടക്കം ചെയ്തത്. യമൻ പ്രസിഡൻറായിരുന്ന അലി അബ്ദുല്ല സാലെക്കെതിരെ പ്രക്ഷോഭം നയിച്ച തവക്കുൽ കർമാന് സമാധാന നൊേബൽ അടക്കം ലഭിച്ചു. സുഡാനിലാണ് അറബ് വസന്തം ഏറ്റവും രസകരമായ ചലനങ്ങൾ തീർത്തത്. റൊട്ടിക്ക് മൂന്നുമടങ്ങ് വിലവർധിച്ചതിനെ തുടർന്ന് രാജ്യത്തെ വിദ്യാർഥികളാണ് ആദ്യമായി തെരുവിലിറങ്ങിയത്. പിന്നീട് രാജ്യം മുഴുവൻ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.