ഇസ്രായേലികളും ഫലസ്തീനികളും സമാധാനത്തോടെ ജീവിക്കുന്നത് ഹമാസിനെ ഭയപ്പെടുത്തുന്നുവെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: ഇസ്രായേലികളും ഫലസ്തീനികളും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നത് ഹമാസിനെ ഭയപ്പെടുത്തുന്നുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ ഭയം ഉള്ളതിനാലാണ് ഹമാസ് ആക്രമണം നടത്തിയത്. സ്വന്തം ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി ഇനിയും അക്രമവും കൊലപാതകവും യുദ്ധവും ഹമാസ് നടത്തും. പക്ഷേ നമുക്ക് അത് ചെയ്യാനാവില്ലെന്ന് ബൈഡൻ എക്സിൽ കുറിച്ചു.

ആറുദിവസത്തെ താൽക്കാലിക ഇടവേളക്കുശേഷവും ഗസ്സയിൽ വെടിനിർത്തൽ നീളാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മധ്യസ്ഥ ചർച്ചകൾക്കായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി ഡേവിഡ് ബാർനിയയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തലവൻ വില്യം ബേൺസും ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ഇവർ കൂടിക്കാഴ്ച നടത്തും.

ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടക്കുന്നതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 30 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് ധാരണയെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ നേരത്തെ ‘അൽ ജസീറ’യോട് പറഞ്ഞു.

ഇതുവരെ ഹമാസ് 69 ബന്ദികളെയും ഇസ്രായേൽ 150 തടവുകാരെയും മോചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന നാലുദിവസ വെടിനിർത്തൽ, മധ്യസ്ഥ ചർച്ചകളെ തുടർന്ന് രണ്ടുദിവസത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Tags:    
News Summary - joe biden on hamas attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.