മെൽബൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആസ്ട്രേലിയ സന്ദർശനം മാറ്റിയ സാഹചര്യത്തിൽ മേയ് 24ന് സിഡ്നിയിൽ നടക്കാനിരുന്ന ‘ക്വാഡ്’ നേതാക്കളുടെ ഉച്ചകോടി റദ്ദാക്കിയതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി (ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ‘ക്വാഡ്’). പകരം, ഈ ആഴ്ച അവസാനം ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 യോഗത്തിനിടെ നാലു രാജ്യങ്ങളുടെ നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയുമായി യു.എസ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന സുപ്രധാന ചർച്ചകൾ നടക്കുന്ന കാരണത്താലാണ് ആസ്ട്രേലിയ സന്ദർശനം ബൈഡൻ മാറ്റിയത്. യാത്ര മാറ്റേണ്ടിവന്നതിൽ ബൈഡൻ നിരാശ അറിയിച്ചതായും ആസ്ട്രേലിയ വ്യക്തമാക്കി.
അതിനിടെ, ‘ക്വാഡ്’ ഉച്ചകോടി നടക്കില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയയിൽ എത്തി നേരത്തേ തീരുമാനിച്ച പരിപാടികളിൽ സംബന്ധിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം വെള്ളിയാഴ്ച തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മേയ് 22 മുതൽ 24 വരെയാണ് മോദി ആസ്ട്രേലിയയിൽ ഉണ്ടാവുക.
മേയ് 19 മുതൽ 21 വരെ ജപ്പാനിൽ നടക്കുന്ന ജി7 വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തശേഷം അദ്ദേഹം പാപ്വ ന്യൂ ഗിനിയിൽ ‘ഇന്ത്യ-പസിഫിക് ഐലൻഡ്സ് കോഓപറേഷന്റെ’ (എഫ്.ഐ.പി.ഐ.സി) സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നാണ് ആസ്ട്രേലിയയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.