അവർ 'ആഭ്യന്തര തീവ്രവാദികൾ', ഉത്തരവാദി ട്രംപ്​ -ബൈഡൻ

കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച്​ കയറിയ ട്രംപ്​ അനുകൂലികളെ ആഭ്യന്തര തീവ്രവാദികൾ എന്ന്​വിളിച്ച്​ നിയുക്​ത പ്രസിഡന്‍റ്​ ജോ ബൈഡൻ. വാഷിങ്​ടണിൽ നടന്ന കലാപത്തിന്‍റെ ഉത്തരവാദിത്വം ട്രംപിനാണെന്നും ബൈഡൻ പറഞ്ഞു. അതേസമയം അധികാരകൈമാറ്റത്തിന്​ മുമ്പുതന്നെ ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ ആഹ്വാനം ചെയ്​തു. 'കുറ്റവാളികളെ പ്രതിഷേധക്കാർ എന്ന് വിളിക്കരുത്. പകരം കലാപകാരികളായ ജനക്കൂട്ടം ആഭ്യന്തര തീവ്രവാദികൾ എന്നാണ്​ അവരെ വിളിക്കേണ്ടത്' -​വിൽമിങ്​ടണിൽ ബൈഡൻ പറഞ്ഞു.


നവംബറിലെ പ്രസിഡന്‍റ്​ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത 160 ദശലക്ഷം അമേരിക്കക്കാരുടെ ശബ്ദം ഇല്ലാതാക്കാൻ ജനക്കൂട്ടത്തെ ഉപയോഗിക്കാൻ ശ്രമിച്ചതിന് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്നും ബൈഡൺൻ പറഞ്ഞു. യുഎസ്​ ചരിത്രത്തിലെ ഇരുണ്ട ദിവസങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ്​​ അമേരിക്കയിൽ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം അക്രമികൾ പാർലമെന്‍റ് മന്ദിരത്തിൽ അഴിഞ്ഞാടിയത്​. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിൽ വലിഞ്ഞുകയറിയും ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടി. ബുധനാഴ്ച ഉച്ചയോടെയാണ് പാർലമെന്‍റ് മന്ദിരത്തിലേക്ക് അക്രമികൾ ഇരച്ചുകയറിയത്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം. ട്രംപിനെ അനുകൂലിച്ച് നടന്ന റാലിയിൽ ‍ആയിരങ്ങൾ അണിനിരന്നിരുന്നു. ഇവർ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ഒത്തുകൂടുകയും വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു.

ബാരിക്കേഡുകൾ തർത്ത് പാർലമെന്‍റിനകത്തേക്ക് കുതിച്ച അക്രമികൾ പൊലീസുമായി ഏറ്റുമുട്ടി. ഇതിനകം വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളെയും സുരക്ഷിതമായി മാറ്റി. അപ്പോഴേക്കും പല വഴികളിലൂടെ വാതിലുകളും ജനാലകളും തകർത്തും ഭിത്തികളിലൂടെ വലിഞ്ഞുകയറിയും അക്രമികൾ കെട്ടിടത്തിനകത്തേക്ക് കടന്നിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെ തുടങ്ങിയ അതിക്രമം നിയന്ത്രണവിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷമാണ്. ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുകയും അക്രമികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.