കാബൂൾ: അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാനെ പ്രശംസിച്ച് റഷ്യ. താലിബാൻ നിലപാട് ''മികച്ചതും അനുഗുണവു'മാണെന്നും പിടിച്ചടക്കിയ ആദ്യ 24 മണിക്കൂറിൽ കാബൂളിനെ മുൻ ഭരണാധികാരികളെക്കാൾ സുരക്ഷിതമാക്കിയെന്നും അഫ്ഗാനിസ്താനിലെ റഷ്യൻ അംബാസഡർ ദിമിത്ര ഷിർനോവ് പറഞ്ഞു. ''സാഹചര്യം സമാധാനപൂർണമാണ്. നഗരത്തിൽ എല്ലാം ശാന്തമായിട്ടുണ്ട്. മുമ്പ് അശ്റഫ് ഗനിക്കു കീഴിലേതിനെക്കാൾ താലിബാനു കീഴിൽ മെച്ചപ്പെട്ടതാണ്''- മോസ്കോയിലെ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ഷിർനോവ് പറഞ്ഞു.
''മുൻ ഭരണകൂടം ചീട്ടുകൊട്ടാരം പോലെയാണ് ഇന്നലെ തകർന്നുവീണത്. അധികാര ശൂന്യതയും അവ്യവസ്ഥയുമെന്ന തോന്നൽ നൽകിയതോടെ കവർച്ചക്കാർ തെരുവിലിറങ്ങി''- അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാനെ ഇപ്പോഴും ഭീകര സംഘടനയായി കാണുന്ന റഷ്യ അമേരിക്ക പിൻമാറിയ അഫ്ഗാനിസ്താനുമായി കൂടുതൽ അടുപ്പത്തിനൊരുങ്ങുന്നുവെന്ന സൂചന നൽകുന്നതാണ് പുതിയ പ്രസ്താവന.
അശ്റഫ് ഗനി രാജ്യം വിട്ടതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം റഷ്യൻ എംബസി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.