ഇസ്രായേൽ ആക്രമണത്തിൽ തകർന്ന തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാൻ യൂനിസ് നഗരം

ഇസ്രായേൽ മടങ്ങിയ ഖാൻ യൂനുസ് പ്രേതനഗരം

ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം മടങ്ങിയ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ഫലസ്തീനികളെ കാത്ത് നെഞ്ചുലക്കുന്ന കാഴ്ചകൾ. നാലുമാസം നീണ്ടുനിന്ന കനത്ത ആക്രമണവുമായി സർവനാശം പൂർത്തിയാക്കിയാണ് ഇസ്രായേൽ സേനയുടെ 98ാം ഡിവിഷൻ കഴിഞ്ഞ ദിവസം നഗരം വിട്ടത്. റഫ കരയാക്രമണത്തിന് മുന്നോടിയായാണ് പിന്മാറ്റമെന്ന് ഇസ്രായേൽ വിശദീകരിക്കുമ്പോഴും കൈറോ വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിയാണ് പിന്മാറ്റത്തിൽ നിർണായകമായതെന്ന് സൂചനയുണ്ട്.

അതേസമയം, ഖാൻ യൂനുസ് നാലു മാസത്തിനകം പ്രേതനഗരമാക്കി മാറ്റിയാണ് ഇസ്രായേൽ സൈന്യം മടങ്ങിയതെന്ന് തിരിച്ചെത്തിയ ഫലസ്തീനികൾ പറയുന്നു. നഗരത്തിലെ താമസ കേന്ദ്രങ്ങളിലേറെയും തരിപ്പണമാക്കിയിട്ടുണ്ട്. നിരത്തുകൾ ബുൾഡോസറുകളുപയോഗിച്ച് കിളച്ചുമറിച്ചും വീടുകൾ നാമാവശേഷമാക്കിയുമായിരുന്നു ഇസ്രായേൽ അധിനിവേശം. നഗരത്തിൽ ഒട്ടുമിക്ക പ്രദേശങ്ങളും താമസയോഗ്യമല്ലാതാക്കിയിട്ടുണ്ട്. മൃഗങ്ങൾക്കുപോലും കഴിയാനാകാത്ത ഇവിടെ ഇനിയെങ്ങനെ മനുഷ്യർ വസിക്കുമെന്നാണ് അവരുടെ ചോദ്യം. എന്നാൽ, എല്ലാം തകർന്നാലും ഖാൻ യൂനുസ് വിട്ടുപോകാനില്ലെന്നാണ് അവരുടെ നിലപാട്.

ഗസ്സയിൽ ബന്ദി മോചനവും വെടിനിർത്തലും വേഗത്തിലാക്കാനുള്ള ചർച്ചകൾക്ക് വേഗമാർജിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്താൻ ഇരുവിഭാഗവും സമർപ്പിച്ച നിർദേശങ്ങൾ പരസ്പരം പരിശോധിച്ചുവരുകയാണെന്നും കൈറോ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

14 ലക്ഷം ഫലസ്തീനികൾ അഭയം തേടിയ റഫയിൽ കരയാക്രമണത്തിനൊരുങ്ങുകയാണെന്നാണ് ഇസ്രായേൽ വിശദീകരണം. എന്നാൽ, അത്തരം ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്നും പിന്മാറ്റം മറ്റു ചില ലക്ഷ്യങ്ങളുടെ പുറത്താണെന്നുമാണ് സൂചന. അതേ സമയം, 24 മണിക്കൂറിനിടെ 38 മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഗസ്സയിൽ ഇതോടെ മരണസംഖ്യ 33,207 ആയി. 75,933 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7,000ത്തോളം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

അതിനിടെ, തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ അലി അഹ്മദ് ഹുസൈൻ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ റദ്‍വാൻ സേനയിൽ അംഗമായിരുന്നു.  

ഗസ്സയിലേക്ക് 300 ട്രക്കുകൾ

ഗസ്സ സിറ്റി: ആറു മാസത്തിനിടെ ആദ്യമായി ഗസ്സയിലേക്ക് ഒരു ദിവസം 300ലേറെ സഹായ ട്രക്കുകൾ കടത്തിവിട്ട് ഇസ്രായേൽ. രാജ്യാന്തര സമ്മർദം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമായി 322 ട്രക്കുകൾ തിരിച്ചത്.

കൊടുംപട്ടിണി വേട്ടയാടുന്ന ഗസ്സ തുരുത്തിൽ ശരാശരി ദിവസം 500ലേറെ ട്രക്കുകൾ വേണ്ടിടത്ത് തെക്കൻ ഗസ്സയിലെ റഫ, കറം അബൂസലം അതിർത്തികൾ വഴി ഭക്ഷണവുമായി 228ഉം മറ്റ് അവശ്യവസ്തുക്കളുമായി അവശേഷിച്ചവയും അതിർത്തി കടന്നു. ജലം, പഞ്ചസാര, ധാന്യപ്പൊടി എന്നിവയാണ് ഇവയിലുണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒരു ട്രക്കുപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ അനുവദിച്ചിട്ടില്ല. 


Tags:    
News Summary - Khan Younis became ghost town where Israel returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.