വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടഞ്ഞില്ല; ഉത്തര കൊറിയയിൽ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ

പ്യോങ്യാങ്: ഉത്തരകൊറിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഭരണാധികാരി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.

കനത്ത മഴയും ഉരുൾപൊട്ടലും ചാങ്ഗാങ് പ്രവശ്യയിൽ കനത്ത നാശം വിതയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോ​ഗസ്ഥർക്ക് കടുത്ത ശിക്ഷ നൽകാൻ കിം ജോങ് ഉൻ ഉത്തരവിട്ടതെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുൻ ടി.വി റിപ്പോർട്ട് ചെയ്തു.

അഴിമതി, കൃത്യനിർവഹത്തിൽ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി. സിൻജുവിൽ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദേശം പുറത്തുവന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ 20-30 ഉദ്യോ​ഗസ്ഥരെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതൽ ചാങ്ഗാങ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂൺ ഉൾപ്പെടെയുള്ളവർ നടപടിക്ക് വിധേയരായവരിൽ ഉൾപ്പെടുന്നതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Kim Jong Un executes 30 officials for failing to prevent deaths during floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.