പ്യോങ്യാങ്: ദക്ഷിണ കൊറിയൻ സിനിമകളുടെ സീഡികൾ വിൽപന നടത്തിയെന്ന കുറ്റത്തിന് ഉത്തര കൊറിയക്കാരനായ ചീഫ് എൻജിനീയറെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വധശിക്ഷക്ക് വിധേയനാക്കി. വോൺസൻ ഫാർമിങ് മാനേജ്‌മെന്‍റ് കമ്മീഷനിൽ ചീഫ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ലീ എന്നയാളെയാണ് വെടിവെച്ചുകൊന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയൻ സിനിമ, സംഗീതം തുടങ്ങിയവയുടെ സീഡികളും പെൻഡ്രൈവുകളും രഹസ്യമായി വിൽപന നടത്തി എന്നതാണ് ലീ ചെയ്ത കുറ്റം. ഇത് ഉത്തരകൊറിയയിൽ നിയമവിരുദ്ധമാണ്. സിഡികളും യു.എസ്.ബി സ്റ്റിക്കുകളും 5 മുതൽ 12 വരെ ഡോളറിന് വിറ്റതായി ലീ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏപ്രിൽ അവസാനമാണ് ലീയെ സ്വന്തം കുടുംബം ഉൾപ്പെടെ 500 പേരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊന്നത്.
വിധി ലീയെ വായിച്ചുകൾപ്പിച്ച ശേഷം 12 തവണ വെടിയുതിർത്താണ് ശിക്ഷ നടപ്പാക്കിയത്. പിന്നീട് മൃതദേഹം ചാക്കിൽപൊതിഞ്ഞ് വാഹനത്തിലേക്ക് മാറ്റി. വധശിക്ഷ നടപ്പാക്കുന്നതിന് ദൃക്സാക്ഷികളായ ലീയുടെ ഭാര്യയും മകനും മകളും മുൻ നിരയിൽതന്നെ കുഴഞ്ഞുവീണു. ഇവരെ സുരക്ഷാ ഗാർഡുകൾ വാനിൽ കയറ്റി രാഷ്ട്രീയ തടവുകാരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി.
"നാല് സുരക്ഷാ ഗാർഡുകൾ ലീയുടെ ഭാര്യയെ ഒരു ലഗേജ് പോലെ ചരക്ക് വാഹനത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ഇത് കണ്ട് കുടുംബക്കാരും അയൽക്കാരും കണ്ണീർ വാർത്തു. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത സാഹചര്യമാണ്'' പേരുവെളിപ്പെടുത്താത്ത ദൃക്സാക്ഷിെയ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
''ദക്ഷിണ കൊറിയൻ വീഡിയോ കാണുകയോ വിൽക്കുകയോ ചെയ്യുന്നത് ഉത്തരകൊറിയയിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ തെറ്റ് ചെയ്യുന്നത് കണ്ടവർ അത് അധികൃതരെ അറിയിച്ചില്ലെങ്കിൽ ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കും. അതിനാൽ ആരെയാണ് അടുത്തതായി വധശിക്ഷക്ക് വിധേയനാക്കുകയെന്ന് ആർക്കും അറിയില്ല" -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.