ഇസ്ലാമാബാദ്: ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തി പാകിസ്താനിലെ രാജ്യദ്രോഹ നിയമമായ 124 എ വകുപ്പ് റദ്ദാക്കി ലാഹോർ ഹൈകോടതി. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ ഉപയോഗിക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്റ്റിസ് ഷാഹിദ് കരീമാണ് വിധി പറഞ്ഞത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജി നേരത്തേ ഇസ്ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.
കൊളോണിയൽ കാലത്തെ ഈ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതായും രാഷ്ട്രീയപ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാമൂഹികപ്രവർത്തകർ എന്നിവർക്കെതിരെ ഭരണകൂടം ഉപയോഗിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതാണ് 124 എ വകുപ്പ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന് സമാനമാണ് പാകിസ്താനിലെ രാജ്യദ്രോഹ നിയമവും. ഇന്ത്യയിൽ ഈ നിയമം സുപ്രീംകോടതി കഴിഞ്ഞ വർഷം മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.