ഹേഗ്: ഇസ്രായേലിന്‍റെ ആക്രമണത്തിനിരയായ ഫലസ്തീനികളുടെ അഭിഭാകർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) കേസ് ഫയൽ ചെയ്തു. ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന് വ്യക്തമാക്കിയാണ് കേസ് നൽകിയത്. മുതിർന്ന ഫ്രഞ്ച് അഭിഭാഷകനും ഫലസ്തീനികളുടെ പ്രതിനിധിയുമായ ഗില്ലെസ് ഡെവേഴ്‌സ് നാല് പേരുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രോസിക്യൂട്ടർക്ക് പരാതി സമർപ്പിച്ചു.
വംശഹത്യ എന്ന കുറ്റത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും ഫലസ്തീനിൽ സംഭവിച്ചുവെന്നത് വ്യക്തമാണെന്ന് കേസുകൾ ഫയൽ ചെയ്ത ശേഷം ഗില്ലെസ് ഡെവേഴ്‌സ് പറഞ്ഞു. വംശഹത്യയുടെ മുദ്രകൾ മറയ്ക്കാൻ ഇസ്രായേൽ ശ്രമിച്ചിട്ടില്ല. ഗസ്സയിലേക്കുള്ള ഭക്ഷണവും വൈദ്യുതിയും വെട്ടിക്കുറച്ചതും സാധാരണക്കാരെ ആക്രമിച്ചതും മനുഷ്യത്വരഹിതമായ വാക്കുകൾ ഉപയോഗിച്ചതും സംഘം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഗുരുതര യുദ്ധക്കുറ്റങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉയരുന്ന സാഹചര്യത്തിൽ, അതിൽ പങ്കാളികളാകാൻ ആഗ്രഹിക്കാത്ത സർക്കാറുകൾ ഇസ്രായേലിനെ പിന്തുണക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഡെവേഴ്‌സ് പറഞ്ഞു. മനുഷ്യാവകാശങ്ങളെയാണോ വംശഹത്യയെയാണോ പിന്തുണക്കുന്നതെന്ന് സർക്കാറുകൾ തീരുമാനിക്കണം. അന്താരാഷ്ട്ര നിയമത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പ്രസംഗങ്ങൾ നടത്തുകയും ഒന്നും ചെയ്യാതെ ഇസ്രായേലിന്റെ ആക്രമണത്തെ പിന്തുണക്കുകയും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.സി ഒന്നും ചെയ്യുന്നില്ലെങ്കിൽ അത് ഐ.സി.സിയുടെ അവസാനമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള മതിയായ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.