ലണ്ടൻ: മേയർ സാദിഖ് ഖാനെതിരായ പരാമർശത്തിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് ലീ ആൻഡേഴ്സണ് സസ്പെൻഷൻ. ലണ്ടൻ മേയർക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണമെന്ന വിപ്പ് ലംഘിച്ചതിനെ തുടർന്നാണ് നടപടിയെടുത്തത്. ലീ ആൻഡേഴ്സന്റെ പരാമർശം ഇസ്‍ലാമോഫോബിയയുണ്ടാക്കുന്നതി മുസ്‍ലിം വിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാൻ പറഞ്ഞിരുന്നു. മുസ്‍ലിംകൾക്കെതിരായ വെറുപ്പ് കൂടുതൽ വർധിപ്പിക്കുന്നതാണ് ലീ ആൻഡേഴ്സന്റെ പ്രസ്താവനയെന്നും സാദിഖ് ഖാൻ കൂട്ടിച്ചേർത്തു.
വിഷയത്തിൽ സാദിഖ് ഖാന്റെ പ്രതികരണം പുറത്തുവന്ന് ഒരു മണിക്കൂറിനകം തന്നെ കൺസർവേറ്റീവ് പാർട്ടി ചീഫ് വിപ്പ് സൈമൺ ഹാർട്ട് ആൻഡേഴ്സനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. നിലവിൽ സ്വതന്ത്ര അംഗമായി അദ്ദേഹത്തിന് തുടരാനാവും.
കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ മാപ്പ് പറയാൻ തയാറാകാത്തതിനെ തുടർന്നാണ് ലീ ആൻഡേഴ്സനെ സസ്പെൻഡ് ചെയ്തതെന്ന് ചീഫ് വിപ്പ് സൈമൺ ഹാർട്ടിന്റെ വക്താവ് അറിയിച്ചു. ഋഷി സുനകിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ടോറി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ലീ ആൻഡേഴ്സൺ രാജിവെച്ചിരുന്നു.
ലണ്ടൻ മേയർ സാദിഖ് ഖാനെ നിയന്ത്രിക്കുന്നത് ഇസ്‍ലാമിസ്റ്റുകളാണെന്നായിരുന്നു ലീ ആൻഡേഴ്സന്റെ പരാമർശം. ഇതിന് പിന്നാലെ, ആൻഡേഴ്സനെതിരെ നടപടിയെടുക്കാൻ യു.കെ പ്രധാനമന്ത്രി ഋഷി സുനകിന് മേൽ സമ്മർദ്ദം ഏറുകയും ചെയ്തിരുന്നു. പാർട്ടിയിലെ മുതിർന്ന അംഗങ്ങളും പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.