പാരിസ്: ഫ്രഞ്ച് പാർലമെന്റിൽ പ്രസിഡന്റിന്റെ കക്ഷിയെ ഞെട്ടിച്ച് നവ ഇടതുസഖ്യം. തീവ്ര ഇടത് നേതാവ് ജീൻ-ലൂക് മെലങ്കോൺ നയിക്കുന്ന 'നൂപ്സ്' സഖ്യമാണ് ഒന്നാം ഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എൻസെംബ്ളിനെതിരെ കനത്ത പോരാട്ടം കാഴ്ചവെച്ചത്.
മാക്രോണിന്റെ കക്ഷി 25.75 ശതമാനം വോട്ടു നേടിയപ്പോൾ ഇടത്-ഗ്രീൻ സഖ്യം 25.66 ശതമാനം വോട്ടുകളുമായി തുല്യ പോരാട്ടം കാഴ്ചവെച്ചു. മാരിൻ ലി പെൻ നയിക്കുന്ന തീവ്ര വലതു കക്ഷി നാഷനൽ റാലി 18.68 ശതമാനം വോട്ടുപിടിച്ചു. ഇതോടെ, സീറ്റു വിഭജനം നിർണയിക്കുന്ന രണ്ടാംഘട്ടം മാക്രോണിന് മരണപ്പോരാട്ടമായി മാറി. ഈ മാസം 19നാണ് വോട്ടെടുപ്പ്.
577 അംഗ അധോസഭയിൽ മാക്രോണിന്റെ കക്ഷി 260നും 300നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം. ഇത് നേടാനായില്ലെങ്കിൽ നിയമങ്ങൾ പാർലമെന്റ് കടക്കാൻ പ്രസിഡന്റിന് മറ്റു കക്ഷികളുടെ പിന്തുണ ആവശ്യമാകും.
ഇടതുസഖ്യം 160നും 210നും ഇടയിൽ സീറ്റുകൾ പിടിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലി പെന്നിന്റെ പാർട്ടി കാര്യമായ നേട്ടമുണ്ടാക്കുന്നതിൽ പരാജയമാകും.
47.5 ശതമാനമായിരുന്നു ഇത്തവണ പോളിങ്. ആധുനിക ഫ്രഞ്ച് ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പോളിങ് രേഖപ്പെടുത്തുന്നത്.
എല്ലാ മണ്ഡലത്തിലും മത്സരരംഗത്ത് രണ്ടുപേർ മാത്രമായി ചുരുങ്ങുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് മാക്രോൺ. തീവ്ര ഇടതുനേതാവായ ജീൻ-ലൂക് മെലങ്കോൺ സഭയിൽ ഭൂരിപക്ഷം നേടുന്നത് പൊതുവായ ജനാഭിപ്രായത്തിന് എതിരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വോട്ടാക്കി മാറ്റുന്നതിലാകും മാക്രോണിന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.