ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിരുന്നിൽ മാംസാഹാരവും മദ്യവും വിളമ്പിയതിനെച്ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയായിരുന്നു വിരുന്ന്.
വർഷങ്ങളായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ സംഘടിപ്പിക്കുന്ന വിരുന്നാണിത്. കുച്ചിപ്പുടി നൃത്തവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിന്റെ വാതിൽപ്പടിയിൽ സ്റ്റാർമർ മെഴുകുതിരികൾ കത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രസംഗവും അടക്കം പരിപാടികളും ഉൾപ്പെടുത്തിയിരുന്നു.
വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടീഷ് ഹിന്ദു വിഭാഗക്കാർ അഭിപ്രായപ്പെട്ടു. ലാംബ് കെബാബ്, ബിയർ, വൈൻ തുടങ്ങിയവയാണ് വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്.
മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഉപദേശകരുടെ അലംഭാവവും അശ്രദ്ധയും ദുരന്തമായിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് ഹിന്ദു പണ്ഡിതനായ സതീഷ് കെ. ശർമ പ്രതികരിച്ചു.
പവിത്രമായ ആഘോഷം മാംസവും മദ്യവുംകൊണ്ട് നശിപ്പിച്ചെന്ന് ബ്രിട്ടീഷ് ഹിന്ദുക്കളുടെ സാമൂഹിക പ്രസ്ഥാനമായ ഇൻസൈറ്റ് യു.കെ കുറ്റപ്പെടുത്തി. ഒക്ടോബർ 29ന് നടന്ന പരിപാടിയിലെ മെനുവിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.