ലണ്ടൻ: ലേബർ പാർട്ടി അംഗങ്ങളുടെ കുടുംബത്തിൽനിന്നെത്തി മാർഗരറ്റ് താച്ചറിന്റെ അനുയായിയായി മാറുകയായിരുന്നു മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. കൺസർവേറ്റിവ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസ്സിൽ ട്രസും പങ്കെടുത്തിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിനെ മനസ്സിലേറ്റി. സോവിയറ്റ് യൂനിയൻ തകർച്ച നേരിട്ടപ്പോൾ കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് രാഷ്ട്രീയ വീക്ഷണം മാറ്റിയതെന്ന് ലിസ് ട്രസ് ഓർക്കുന്നു. ഏറെ വെല്ലുവിളികൾ നേരിട്ടാണ് കൺസർവേറ്റിവ് പാർട്ടിയെയും ബ്രിട്ടനെയും നയിക്കാൻ 47കാരിയായ ലിസ് ട്രസ് എത്തുന്നത്. ബ്രിട്ടനിൽ പിടിമുറുക്കിയ 40 വർഷത്തിനിടയിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് മറുകര കടക്കുകയാണ് പ്രധാന കടമ്പ.
ഊർജ പ്രതിസന്ധി, നികുതി ഇളവ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിൽ നിർണായക പ്രഖ്യാപനം ലിസ് ട്രസ് നടത്തിയേക്കും. യു.കെയിലെ ജീവിതച്ചെലവ് പ്രതിസന്ധിക്ക് കാരണമായ ഊർജച്ചെലവ് പിടിച്ചുകെട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ലിസ് ട്രസിന്റെ വിജയം നേരത്തെ സര്‍വേകള്‍ പ്രവചിച്ചിരുന്നതാണ്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനാണ് ലിസ് ട്രസ് റിഷി സുനകിനെ തോൽപിച്ചത്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ആഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. എം.പിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകായിരുന്നു മുന്നിൽ. പക്ഷേ, അവസാന ഘട്ടത്തിൽ ലിസ് ട്രസ് മുന്നിലെത്തി. മറ്റു മന്ത്രിമാർ ജോൺസനെ വിട്ടകന്നപ്പോഴും വിദേശകാര്യ മന്ത്രി എന്ന നിലയിൽ അവസാനം വരെ ജോൺസനോട് വിശ്വസ്തയായി തുടർന്നു. ജോൺസന്റെ വിശ്വസ്തരുടെ പ്രീതിയും നേടി. പിന്തുണക്കുന്നവർ മാർഗരറ്റ് താച്ചറുടെ നിശ്ചയദാർഢ്യം ലിസ് ട്രസിൽ കാണുന്നു.
നേതൃവഴിയിൽ കൺസർവേറ്റിവ് പാർട്ടിയിൽനിന്നും ഏറെ തടസ്സങ്ങളുണ്ടായി. 2010ലെ പൊതു തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് മത്സരിക്കാനുള്ള അവസരം നഷ്ടമാക്കിയത് പാർട്ടിക്കുള്ളിൽനിന്നുള്ള ആരോപണമായിരുന്നു. എം.പിയായ മാർക് ഫീൽഡുമായി ട്രസിനുള്ള ബന്ധമായിരുന്നു ആരോപണമായി പടർന്നത്. നാലു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിൽ ജയിച്ച ലിസ് ട്രസ് ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ അംഗമായി. കാമറൂണിന് ശേഷം തെരേസ മേ, ബോറിസ് ജോൺസൺ മന്ത്രിസഭകളിലും പ്രധാനിയായി ലിസ് ട്രസ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. ആദ്യഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാടെടുത്ത നേതാവാണ്.
താച്ചറെപ്പോലെ, സ്വതന്ത്ര വിപണിയെ അനുകൂലിക്കുന്ന നേതാവാണ് ലിസ് ട്രസ്. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ, ബ്രെക്‌സിറ്റിനുശേഷം ഒപ്പുവെച്ച നിരവധി വ്യാപാര കരാറുകളിൽ അവർ പ്രധാന പങ്കുവഹിച്ചു. യുക്രെയ്ന് പിന്തുണ നൽകാനും റഷ്യക്ക് ഉപരോധം ഏർപ്പെടുത്താനുമുള്ള ബ്രിട്ടന്റെ ശ്രമങ്ങളിലും ട്രസിന്റെ ഇടപെടലുണ്ട്. പ്രതിരോധ ചെലവ് കൂട്ടുക, നികുതി വെട്ടിക്കുറക്കുക തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ കൺസർവേറ്റിവ് പാർട്ടിയിലെ വലതുപക്ഷക്കാരുടെ പിന്തുണ നേടാനായി.
ഓക്‌സ്‌ഫഡിലെ കണക്ക് പ്രഫസറായ പിതാവിന്റെയും നഴ്‌സായ മാതാവിന്റെയും മകളായി 1975 ജൂലൈ 26ന് ജനിച്ച ട്രസ്, സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി, ഇംഗ്ലണ്ടിലെ ലീഡ്‌സ്, കിഡർമിൻസ്റ്റർ, ലണ്ടൻ എന്നിങ്ങനെ യു.കെയുടെ വിവിധ ഭാഗങ്ങളിലാണ് വളർന്നത്. 12 വർഷമായി സൗത്ത് വെസ്റ്റ് നോർഫോക് പാർലമെന്റ് മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അക്കൗണ്ടന്റ് ഹ്യൂ ഒ ലിയറി ആണ് ഭർത്താവ്. 2000ത്തിലായിരുന്നു വിവാഹം. 16 വയസ്സുള്ള ഫ്രാൻസസ്, 13 വയസ്സുള്ള ലിബർട്ട് എന്നീ രണ്ട് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.