ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് (47) ചുമതലയേറ്റു. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ബോറിസ് ജോൺസൻ ഇന്ന് രാവിലെ സ്കോട്‌ലൻഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറിയിരുന്നു. പിന്നാലെ, ലിസ് ട്രസും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഔദ്യോഗികമായി ചുതലയേറ്റത്. നാളെ കാബിനറ്റ് യോഗം ചേരുന്നതിന് മുൻപായി പുതിയ ഭരണസംഘത്തെ ലിസ് രൂപീകരിക്കും.
ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ വിദേശകാര്യ മന്ത്രിയായ ട്രസ്, മുൻധനമന്ത്രിയായ സുനകിനെതിരെ 57 ശതമാനം വോട്ട് നേടിയിരുന്നു. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണു ട്രസിനു ലഭിച്ചത്.
2021 മുതൽ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവുകൂടിയായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. സെപ്തംബർ അഞ്ചിന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയുമായി അവർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരേസ മേയ്ക്കും മാർഗരറ്റ് താച്ചറിനും ശേഷം യു.കെയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. മേരി എലിസബത്ത് ട്രസ് എന്നും അവർ അറിയപ്പെടുന്നു. ക്വീൻ എലിസബത്ത് രണ്ട് സെന്റർ ഓഡിറ്റോറിയത്തിൽ നിന്നുള്ള തന്റെ വിജയ പ്രസംഗത്തിൽ ട്രസ് പറഞ്ഞു -"കൺസർവേറ്റീവ്, യൂനിയനിസ്റ്റ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയാണ്".
1975 ജൂലൈ 26ന് ഓക്‌സ്‌ഫോർഡിൽ ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്‌സ് പ്രൊഫസറുടെയും ബോൾട്ടൺ സ്‌കൂളിലെ ലാറ്റിൻ അദ്ധ്യാപികയുടെയും മകളായി ജനിച്ച ട്രസ് 2000ൽ ഹഗ് ഓലിയറിയെ വിവാഹം കഴിച്ചു. രണ്ട് പെൺമക്കളുമുണ്ട്. ലീഡ്‌സിലെ റൗണ്ട്‌ഹേ ഏരിയയിലെ റൗണ്ട്‌ഹേ സ്‌കൂളിലാണ് ട്രസ് പഠിച്ചത്. ഓക്‌സ്‌ഫോർഡിലെ മെർട്ടൺ കോളജിൽ നിന്ന് 1996ൽ ബിരുദം നേടി. 1999ൽ ചാർട്ടേഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റായി കരിയർ ആരംഭിച്ചു. പിന്നീട് കേബിൾ ആൻഡ് വയർലെസിൽ ജോലി ചെയ്തു. 2005ൽ മുമ്പ് ഇക്കണോമിക് ഡയറക്‌ടറായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.