ക്വാലാലംപൂർ: കൊച്ചുകുഞ്ഞുങ്ങളെ പരിപാലിക്കാനായി ഡെ കെയർ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവുക എന്നത് വലിയ ഉത്തരവാദിത്തമാണ്. മറ്റു ജോലികളെ അപേക്ഷിച്ച് ഏറെ ക്ഷമ വേണ്ട ജോലിയാണിത്. മറ്റുള്ളവരുടെ കുഞ്ഞുങ്ങളെയാണ് നിങ്ങൾ സംരക്ഷിക്കാൻ ഏറ്റെടുക്കുന്നത് എന്ന് ഓർമയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്.
നിർഭാഗ്യവശാൽ കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്ന സംഭവങ്ങളും ചില ഡെ കെയറുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അത്തരത്തിൽ മലേഷ്യയിൽ നടന്ന സംഭവത്തെകുറിച്ചാണ് പറയുന്നത്. ഡെകെയറിലെ സി.സി.ടി.വി ദൃശ്യങ്ങൾ വഴിയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച ആയമാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കുട്ടിയെ മാത്രമല്ല, നിരവധി കുഞ്ഞുങ്ങളെ ഇവർ ഉപദ്രവിച്ചതായും പിന്നീട് മനസിലായി.
കുട്ടിയുടെ പിതാവും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.''രാസ്ക നൂർ റെയ്ഹാൻ ഡെ കെയർ സെന്ററിൽ എന്റെ കുഞ്ഞിനെ ഉപദ്രവിക്കുന്ന വിഡിയോ ആണിത്. എന്റെ കുഞ്ഞിനെയും മറ്റു കുട്ടികളെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും സ്ഥാപനത്തിന്റെ നടത്തിപ്പുകാർ മാപ്പുപറഞ്ഞിട്ടില്ല. ഇത് വൈറലാക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. നിങ്ങളുടെ കുടുംബം ധനികരായിരിക്കും. നിങ്ങൾക്ക് വൻതോതിൽ പണം നൽകി അഭിഭാഷകനെ വെക്കാനുമാകും. അതാണ് നിങ്ങൾ ഇതിൽ ഖേദിക്കാത്തത്. നിങ്ങളെ രക്ഷിക്കാൻ അവരുണ്ടല്ലോ...''-എന്നാണ് അദ്ദേഹം കുറിച്ചത്.
കരയുന്ന കുഞ്ഞിന്റെ മുഖത്ത് ആക്രമിക്കുന്ന ആയയെയാണ് ചിത്രത്തിൽ കാണുന്നത്. അവനെ നിർദയമാണ് അവർ പരിപാലിക്കുന്നത്. ആ കുഞ്ഞിനെ തന്റെ കാൽമുട്ടുകൊണ്ട് തള്ളുകയും ചെയ്യുന്നുണ്ട്. കോടതിയിൽ കേസിന്റെ വാദം നടന്നു. തുടർവാദം ഒക്ടോബർ നാലിലേക്ക് മാറ്റി.
''ശക്തമായ തെളിവുണ്ടായിട്ടും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയാണ്. ഇവിടെ പരാതിക്കാരായ ഞങ്ങളാണ് കുറ്റക്കാരെന്ന രീതിയിലാണ് കാര്യങ്ങൾ. യഥാർഥ കുറ്റക്കാർ സ്വതന്ത്രമായി നടക്കുകയാണ്. ഏതായാലും അടുത്ത വിചാരണക്കായി കാത്തിരിക്കുകയാണ്.''- എന്നും കുഞ്ഞിന്റെ പിതാവ് കുറിച്ചു. കുറ്റക്കാർക്ക് മതിയായ ശിക്ഷ ലഭിക്കണേ എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.