ശ്രീലങ്കയിൽ ദരിദ്ര കുടുംബത്തിലെ അടുക്കള കാഴ്ച

അവരിപ്പോൾ കുട്ടികൾക്ക് കുറച്ച് ഭക്ഷണമേ കൊടുക്കാറുള്ളൂ...; പോഷകാഹാരം ലഭിക്കാതെ ശ്രീലങ്കയിലെ കുട്ടികൾ

കൊളംബോ: തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ആ അമ്മ അരിയിട്ടിട്ടില്ല. ഇടാൻ ആ വീട്ടിൽ ഒരു പിടി അരി പോലുമില്ല. പുറത്തുപോയ ഗൃഹനാഥൻ എന്തെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ വെള്ളം തിളപ്പിക്കുകയാണ്. ദിവസവും ഇങ്ങനെ തിളപ്പിക്കുമെങ്കിലും വല്ലതും കിട്ടുന്നത് വല്ലപ്പോഴും മാത്രം. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച ശേഷം തന്റെ നാലു മക്കളും നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറയുകയാണ് ശശികല മധുവന്തി സിൽവയെന്ന 40കാരി അമ്മ. ടാക്സി ഡ്രൈവറായ ഭർത്താവിന് ഓട്ടം ലഭിക്കുന്നില്ല.

പശ്ചിമ ശ്രീലങ്കയിലെ ഒരു അധ്യാപികയുടെ അനുഭവം പങ്കുവെക്കുന്നു അൽ ജസീറ. അവർ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ ആണ് ദുഃഖത്തോടെ തന്നെ നോക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. കരച്ചിലിന്റെ വക്കിലാണവൻ. അമ്മക്കും കുഞ്ഞനുജത്തിക്കും വീട്ടിൽ കഴിക്കാനൊന്നുമില്ലത്രെ. അതിന് ശേഷം ടീച്ചർ അവന് കൂടിയുള്ള ഭക്ഷണം കരുതാറുണ്ട്. ഞാനിത് കഴിക്കാതെ വീട്ടിൽ കൊണ്ടുപോകട്ടെ എന്ന ചോദ്യത്തിന് എന്ത് മറുപടി പറയുമെന്നറിയില്ലായിരുന്നു ടീച്ചർക്ക്. ഇത് ഒരു കുട്ടിയുടെയോ കുടുംബത്തിന്റെയോ മാത്രം കഥയല്ല.

സാമ്പത്തിക പ്രതിസന്ധിമൂലം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലും വെട്ടിക്കുറച്ചിരിക്കുകയാണ് ശ്രീലങ്കയിലെ കുടുംബങ്ങൾ. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടന നടത്തിയ ഫീൽഡ് സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഒമ്പത് ജില്ലകളിലെ 2300 കുടുംബങ്ങളിൽനിന്നാണ് സംഘടന വിവരങ്ങൾ സ്വീകരിച്ചത്.

അതേസമയം, ഇത്രയും കുടുംബങ്ങളിൽമാത്രം സർവേ നടത്തി സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും ആളുകളുടെ വരുമാനവും സാമൂഹിക സാഹചര്യങ്ങളും വ്യത്യസ്തമാണെന്നും മാധ്യമപ്രവർത്തകനായ കുശാൽ പെരേര പ്രതികരിച്ചു. ദാരിദ്ര്യവും കുട്ടികളിലെ പോഷകാഹാര കുറവും അപകടനിലയിലാണെന്ന് ‘സേവ് ദി ചിൽഡ്രൻ’ ശ്രീലങ്ക ഡയറക്ടർ ജൂലിയൻ ചെല്ലപ്പ പറഞ്ഞു.

Tags:    
News Summary - Malnourished children in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.