ഇസ്ലാമാബാദ്: വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ശഹബാസ് ശരീഫ് ഒട്ടും കരുതിയിരുന്നില്ല. നാലുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നവാസ് ശരീഫ് തിരിച്ചുവരുമ്പോൾ നൽകാനുള്ളത് മാത്രമായിരുന്നു പ്രിയ സഹോദരന് പ്രധാനമന്ത്രിപദം. അദ്ദേഹം അത് നേരത്തേയും പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിൽ നവാസ് ശരീഫ് തിരിച്ചുവന്നു. നവാസ് ശരീഫ് പ്രധാനമന്ത്രിയും മകൾ മർയം പഞ്ചാബ് മുഖ്യമന്ത്രിയുമാകാൻ തയാറെടുത്തതാണ്. രണ്ടും കൂടി പറ്റില്ലെന്ന് സൈനിക നേതൃത്വം നിലപാടെടുത്തതോടെ നവാസ് ശരീഫ് മകൾക്കായി മാറിക്കൊടുത്തു.
വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സർക്കാറിനെ നയിക്കാൻ നവാസ് ശരീഫിന് താൽപര്യമില്ലെന്നാണ് മകൾ വിശദീകരിച്ചതെങ്കിലും യഥാർഥ കാരണം സൈന്യത്തിന്റെ ഇടപെടലാണെന്ന് കരുതുന്നവരാണെറെയും. പാക് രാഷ്ട്രീയത്തിൽ സൈന്യത്തിന് നിർണായക സ്വാധീനമുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ പകുതി കാലവും ഭരിച്ചത് സൈന്യമാണ്. നവാസ് ശരീഫ് പ്രധാനമന്ത്രിയാകുന്നതിനോട് എതിർപ്പുണ്ടായിരുന്ന ചെറുപാർട്ടികൾക്ക് ശഹബാസ് സുസമ്മതനായിരുന്നു. രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാനാണ് സൈന്യം ഇത്തരത്തിൽ നിബന്ധനവെച്ചതെന്നാണ് വിലയിരുത്തൽ.
1951ൽ ലാഹോറിലെ പഞ്ചാബി ഭാഷ സംസാരിക്കുന്ന കശ്മീരി കുടുംബത്തിലാണ് ശഹബാസിന്റെ ജനനം. ലാഹോർ സർവകലാശാലയിൽനിന്ന് ബിരുദമെടുത്തു. കശ്മീരിലെ അനന്ത്നാഗിൽനിന്ന് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. 1988ൽ പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് അധികാര ഇടനാഴിയിലേക്കുള്ള പ്രവേശനം. 1997 -99 കാലയളവിൽ പഞ്ചാബ് മുഖ്യമന്ത്രിയായി. അന്ന് നവാസ് ശരീഫ് രണ്ടാം തവണ പ്രധാനമന്ത്രി പദവിയിലിരിക്കുകയായിരുന്നു. 1999ൽ സൈന്യത്തലവൻ പർവേശ് മുഷറഫ് അട്ടിമറിയിലൂടെ നവാസ് ശരീഫിനെ പുറത്താക്കിയതോടെ ശഹബാസ് കുടുംബസമേതം സൗദിയിലേക്ക് മാറി. എട്ടുവർഷം സൗദിയിലായിരുന്നു. 2007ലാണ് തിരിച്ചുവരവ്. 2008ൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 2013ൽ മൂന്നാമതും മുഖ്യമന്ത്രിപദം സ്വന്തമാക്കി.
2017ൽ പനാമ പേപ്പേഴ്സ് കേസിൽ നവാസ് ശരീഫ് അയോഗ്യനാക്കപ്പെട്ടതിന് ശേഷം പാർട്ടിയെ നയിക്കാനുള്ള ചുമതല ശഹബാസിന്റെ ചുമലിൽ വന്നു. നവാസ് ശരീഫ് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതിനാൽ ഇത് പ്രയാസമേറിയ കാലമായിരുന്നു. ശഹബാസും നിരവധി അഴിമതി കേസുകൾ നേരിടുകയും മാസങ്ങൾ ജയിലിൽ കിടക്കുകയും ചെയ്തു. നവാസ് ശരീഫിനെ ചികിത്സക്കായി ലണ്ടനിലയക്കാൻ ഒരുക്കം നടത്തിയത് അദ്ദേഹമാണ്. 2022 ഏപ്രിലിൽ ഇംറാൻ ഖാൻ അവിശ്വാസ വോട്ടിലൂടെ പുറത്തായപ്പോൾ ഡസനിലധികം രാഷ്ട്രീയ പാർട്ടികളുടെ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് സമവായ സ്ഥാനാർഥിയായി ശഹബാസിനെ തെരഞ്ഞെടുത്തു. വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ കാലം. രാഷ്ട്രചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം പാക് സമ്പദ് വ്യവസ്ഥയെ പാതാളത്തിലെത്തിച്ചു. രാഷ്ട്രീയ അസ്ഥിരതയും പ്രക്ഷോഭവും സായുധ സംഘട്ടനങ്ങളും നിത്യ തലവേദനയായി. വീണ്ടും പ്രധാനമന്ത്രിയാകുമ്പോഴും വെല്ലുവിളികൾ അതുപോലെയുണ്ട്. ഒട്ടും എളുപ്പമാകില്ല കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.